കല്യാണം കഴിഞ്ഞ അടുത്ത ദിവസം മുതൽ കേട്ടു തഴമ്പിച്ച വാചകമാണ്. “വിശേഷം വല്ലതുമായോ ?

0
541

ലൈംഗീകത എന്തോ വലിയ തെറ്റായി കാണുന്ന സദാചാര കേരളം കല്യാണം എന്നത് ലൈംഗിക ലൈസെൻസ് ആക്കി മാറ്റിയിട്ടുണ്ട്.. ഈ ചോദ്യത്തിലൂടെ അവർ ഉദ്ദേശിക്കുന്നതും അതു തന്നെയല്ലേ “രാത്രി നിങ്ങൾ തമ്മിൽ ബന്ധപ്പെട്ടൊ” എന്നതിന്റെ മറ്റൊരു രൂപം.

ഇനിയിപ്പോൾ കല്യാണം കഴിഞ്ഞു മൂന്നു മാസമൊക്കെ ആകുമ്പോൾ ചോദ്യത്തിന്റെ രൂപം കുറച്ചു കൂടെ മാറും “ഡോക്ടറെ കാണിച്ചോ?”. മറ്റൊരു സംസ്ഥാനത്തു ജോലി ചെയുന്ന പാർട്ണർ ചിലപ്പോൾ നാട്ടിൽ വരുന്നത് ചില മാസങ്ങൾക്കിടയിലാകും , അവർ പരസ്പരം സമയമെടുത്തു മനസിലാക്കി വരുന്നതേ ഉണ്ടാകു ചിലപ്പോൾ ലൈംഗിക ബന്ധത്തിൽ പോലും ഏർപ്പെട്ടു കാണില്ല. അതിനിടയിലേക്കാണ്, ഒരാളുടെ സ്വകാര്യ ജീവിതത്തിലേക്ക് ഉളിഞ്ഞു നോക്കുന്ന മലയാളി ഈ ചോദ്യവും കൊണ്ട് വരുന്നത്.

ഇനിയിപ്പോൾ കല്യാണം കഴിഞ്ഞു ഒരു വർഷമായിട്ടും പെൺകുട്ടി ഗർഭത്തിന്റെ ലക്ഷണങ്ങൾ കാണിച്ചില്ലെങ്കിൽ ചോദ്യത്തിന്റെ രൂപവും ഭാവവും ക്രൂരമായി മാറും ” ആർക്കാണ് കുഴപ്പം?”. ചിലപ്പോൾ മൂന്നു നാലു വർഷം കഴിഞ്ഞു ഫിനാൻഷിലി കുറച്ചു സ്ഥിരതയൊക്കെ വന്നു , ഒരുമിച്ചു കുറെ യാത്രയൊക്കെ ചെയിതു എപ്പോഴെങ്കിലും ഒരു കുഞ്ഞു വേണം എന്നു തോന്നിയാൽ ആകാം എന്ന കാഴ്‌ചപ്പാടുള്ളവരോട് ഇങ്ങനെ ഒരു ചോദ്യം ചോദിച്ചാൽ എങ്ങനെയിരിക്കും.

ഭർത്താവിനു എന്തെങ്കിലും കുഴപ്പമുണ്ടോ എന്നു ചോദിച്ച അയൽവാസിയായ ചേച്ചിയോട് ” അവൻ വരുമ്പോൾ ഞാൻ അങ്ങോട്ടു പറഞ്ഞു വിടാം, ചേച്ചി അവനു എന്തേലും കുഴപ്പം ഉണ്ടോ എന്നു നോക്കി പറഞ്ഞാൽ മതി” എന്നു പറഞ്ഞ ഒരു പെൺകുട്ടി ആ ചേച്ചിയെ കണ്ടം വഴി ഓടിച്ചിട്ടുമുണ്ട് പക്ഷേ എല്ലാവർക്കും അതിനു കഴിഞ്ഞു എന്നു വരില്ല. ഈ ചോദ്യത്തിനു മുന്നിൽ മൗനമാകുന്നവരാണ് കൂടുതലും.

അമ്മയാകുന്നതിലൂടെ സ്ത്രീത്വത്തിനു എന്തോ മഹത്വം കൈ വന്ന പോലെയാണ് സമൂഹത്തിന്റെ പെരുമാറ്റം. അതുകൊണ്ടാണ് ദത്തെടുക്കലൊക്കെ വ്യത്യസ്തമായി നമ്മൾ നോക്കി കാണുന്നത്.

ആരോഗ്യകരമായ പ്രശ്നങ്ങൾ കാരണം ദത്തെടുത്തു ഒരു കുഞ്ഞിനെ വളർത്താൻ ആഗ്രഹിച്ച ഒരു സുഹൃത്തിനു അവളുടെ ഭർതൃ വീട്ടിൽ നിന്നും അനുഭവിക്കേണ്ടി വന്ന ദുരിതങ്ങൾ നമുക്ക് ഊഹിക്കാവൂന്നതെ ഉള്ളു….

പ്രസവത്തിലൂടെ മാത്രം ഒരു സ്ത്രീ കൈ വരിക്കുന്ന എന്തു അദ്ഭുത സിദ്ധിയാണ് ഇവരൊക്കെ കാണുന്നതെന്നു മനസിലാകുന്നില്ല

കരീയറിന്റെ നല്ല നാളുകളിൽ എത്തി നിൽക്കുമ്പോൾ ഗർഭിണിയായി , ജോലി കളഞ്ഞു വീട്ടിൽ ഇരിക്കേണ്ടി വരുന്നവർ പിന്നീട് എത്ര വർഷങ്ങൾ കഴിഞ്ഞിട്ടാകും തിരിച്ചു ജോലിക്ക് പോകുക. ശാരീരികമായും മാനസികമായും അവർ അനുഭവിക്കുന്ന വേദനകൾ ഈ ചോദ്യം ചോദിക്കുന്ന പോലെ അത്ര സുഖകരമാകില്ല.

നിങ്ങൾ സമൂഹത്തിനു മുന്നിൽ നിർത്തി അവരോടു ചോദിക്കുന്ന ഈ ചോദ്യങ്ങൾ എത്ര മാത്രം അവരെ വേദനിപ്പിക്കുന്നുണ്ടാകും. അതുകൊണ്ട് ഇനിയെങ്കിലും കല്യാണം കഴിഞ്ഞ രണ്ടുപേരെ കാണുമ്പോൾ നിങ്ങളുടെ തൊണ്ടകുഴിയിൽ തികട്ടി വരുന്ന ഈ ചോദ്യത്തെ കുറച്ചു വെള്ളം കുടിച്ചു അങ്ങു ഇറക്കുക… കുറച്ചു ആശ്വാസം കിട്ടും

LEAVE A REPLY

Please enter your comment!
Please enter your name here