ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവം; തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും നിഷേധിച്ച്‌ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍

0
36

പാലക്കാട് മെഡിക്കല്‍ കോളജ് ഡേയ്‌ക്കെത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനെ അപമാനിച്ചുവെന്ന ആരോപണത്തില്‍ തനിക്കെതിരായ എല്ലാ ആരോപണങ്ങളെയും നിഷേധിച്ച്‌ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍. താന്‍ മൂലം ബുദ്ധിമുട്ടുണ്ടായെങ്കില്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ക്ഷമ ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

താന്‍ ജാതീയമായി ബിനീഷിനെ അപമാനിച്ചിട്ടില്ല. താന്‍ അല്ലാതെ മറ്റൊരാള്‍ പരിപാടിയില്‍ അതിഥിയായി എത്തുന്ന കാര്യം കോളേജ് അധികൃതര്‍ തന്നെ അറിയിച്ചിട്ടില്ലായിരുന്നു. അങ്ങനെയൊരാള്‍ ഉണ്ടെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നുമാണ് സംവിധായകന്‍ നല്‍കുന്ന വിശദീകരണം.

എന്നാല്‍ തന്നെ ക്ഷണിച്ചതിന്റെ പിറ്റേന്ന് കോളേജില്‍ നിന്നും വിളിച്ചുവെന്നും ബിനീഷ് ബാസ്റ്റിനെ അറിയാമോ എന്ന് ചോദിച്ചുവെന്നും നല്ലതുപോലെ അറിയാം എന്നും തന്റെ സിനിമയില്‍ അയാള്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെന്നും സംവിധായകന്‍ പറഞ്ഞു. അദ്ദേഹത്തെ പലപ്പോഴും കാണാറുണ്ടെന്നും താന്‍ ഉത്തരം നല്‍കിയെന്നും അനില്‍ രാധാകൃഷ്ണ മേനോന്‍ പറഞ്ഞു.

‘എന്നെ മിനിഞ്ഞാന്നാണ് കോളജ് മാഗസിന്‍ പ്രകാശനം ചെയ്യാന്‍ വരണം എന്ന് പറഞ്ഞ് വിളിച്ചത്. കംഫര്‍ട്ടബിള്‍ അല്ല, വരുന്നില്ലെന്ന് അപ്പോള്‍ തന്നെ പറഞ്ഞു. പിന്നെ ഈ പാലക്കാട് മെഡിക്കല്‍ കോളജ് ഇന്ത്യയില്‍ 80 ശതമാനം സംവരണമുള്ള രണ്ട് കോളജുകളില്‍ ഒന്നാണ്. ആ കാരണം കൊണ്ട് പിന്നീട് തീരുമാനം മാറ്റി.’

‘അന്ന് വൈകുന്നേരം നാലരയാകുമ്ബോള്‍ പ്രിന്‍സിപ്പാളിന്റെ ലെറ്ററുമായി മൂന്നോ നാലോ ഫാക്വല്‍റ്റി മെമ്ബര്‍മാരും യൂണിയന്‍ പ്രതിനിധികളും വന്ന് ഇന്‍വൈറ്റ് ചെയ്യണം, എന്നാല്‍ മാത്രം വരാമെന്ന് അവരോട് പറഞ്ഞു. അതുപ്രകാരം അവര്‍ വന്നു. വേറെ ആരെയെങ്കിലും ഇന്‍വൈറ്റ് ചെയ്‌തോയെന്ന് അവരോട് ചോദിച്ചു. വൈകിയത് കൊണ്ട് ആരെയും കിട്ടിയില്ല എന്ന് അവര്‍ പറഞ്ഞു.’

‘ഞാനൊരിക്കലും സ്‌കൂളിലും കോളജിലും പരിപാടികള്‍ക്ക് പോകാന്‍ പണം വാങ്ങാറില്ല. മറ്റുള്ളവര്‍ക്ക് അത് കിട്ടുന്നത് മുടക്കാന്‍ സാധ്യതയുള്ളത് കൊണ്ട് മറ്റാരെങ്കിലും ഉണ്ടെങ്കില്‍ പോകാറുമില്ല. അടുത്ത ദിവസം പതിനൊന്ന് മണിയാകുമ്ബോള്‍ ബിനീഷ് ബാസ്റ്റിന്‍ വരുന്ന കാര്യം പറഞ്ഞ് അവര്‍ വിളിച്ചു. എന്നാല്‍ ഞാന്‍ വരുന്നില്ലെന്ന് അവര്‍ക്ക് മറുപടിയും നല്‍കി. ബിനീഷല്ല, ആരായാലും അങ്ങിനെയാണ്. ഒന്നാമത് ഞാന്‍ കംഫര്‍ട്ടബിള്‍ അല്ല, പിന്നെ അവര്‍ക്ക് കിട്ടുന്ന മോണിറ്ററി ബെനഫിറ്റ് മുടക്കേണ്ടെന്ന് കരുതി കൂടിയാണ് അങ്ങനെ ഒരു തീരുമാനം.’

‘ബിനീഷ് ജനങ്ങള്‍ക്ക് നല്ല ഇഷ്ടമുള്ള ആളാണ്. ഫെഫ്ക പ്രതിനിധികള്‍ വിളിച്ചു. അവരോട് സംസാരിച്ചു. കൃത്യമായ എന്റെ മറുപടി പറഞ്ഞു. അവര്‍ ഒരു ലെറ്റര്‍ അയക്കുമെന്ന് പറഞ്ഞിട്ടുണ്ട്. അതിന് ഞാന്‍ മറുപടി നല്‍കണം.’

‘എന്നെ ഇന്‍വൈറ്റ് ചെയ്തത് കോളജ് ചെയര്‍മാനല്ല. അയാളോട് ഞാന്‍ സംസാരിച്ചിട്ടില്ല. കോജിലെ ഒരു ഫാക്വല്‍റ്റി, സ്റ്റുഡന്റ് എഡിറ്റര്‍, എഡിറ്റോറിയല്‍ ബോര്‍ഡിലെ രണ്ട് പേര്‍ എന്നിവരാണ് എന്നെ ക്ഷണിച്ചത്. ജാതിയോ മതമോ പറഞ്ഞ് ആര്‍ക്കും ആരെയും അപമാനിക്കാന്‍ ഇവിടെ അധികാരമില്ല. ഇതിനകത്തൊരു പരിഹാരത്തിനാണെങ്കില്‍ ചര്‍ച്ചയ്ക്കും തയ്യാറാണ്. ഇതിപ്പോള്‍ ഓണ്‍ലൈനിലെ ട്രന്റാണ്. എനിക്ക് വന്ന തെറികള്‍ക്ക് ഒരു കണക്കുമില്ല,’ അദ്ദേഹം പറഞ്ഞു. 

LEAVE A REPLY

Please enter your comment!
Please enter your name here