”പെണ്ണ് പഠിച്ചത് ബാംഗ്ലൂർ ആണ് ” ഒരു മുന്നറിയിപ്പ് പോലെ ടോണിയുടെ അമ്മയോട് ഫോണിലൂടെ അയാൾ പറഞ്ഞു

0
234

ബാംഗ്ലൂർ

”പെണ്ണ് പഠിച്ചത് ബാംഗ്ലൂർ ആണ് ” ഒരു മുന്നറിയിപ്പ് പോലെ ടോണിയുടെ അമ്മയോട് ഫോണിലൂടെപേര് വെളിപ്പെടുത്താത്ത അയാൾ പറഞ്ഞു

‘നിനക്ക് ഇത് തന്നെ വേണമെന്നുണ്ടോ ? ‘ ടോണിയോട് ‘അമ്മ ചോദിച്ചു

ആ ചോദ്യത്തിൽ ആശങ്കകൾ ഉണ്ടായിരുന്നു.

ഫോണിൽ വിളിച്ച ആൾ പറഞ്ഞത്, നമ്മുടെ നാട്ടിലെ പെൺകുട്ടികൾ ബാംഗ്ലൂർ ചെന്ന് കഴിയുമ്പോ വഷളാവും എന്നാണ്. അൽപ വസ്ത്രം ധരിച്ച് അഴിഞ്ഞാടി നടക്കുന്ന ഒരു പെണ്ണിനെ വേണോ എന്റെ കുട്ടിക്ക് എന്ന് ചോദിക്കണം എന്ന് മനസ്സിൽ ഉണ്ടെങ്കിലും ചോദിച്ചില്ല. ഏറെ കാലമായി വിവാഹം വേണ്ടെന്നു പറഞ്ഞു നടന്ന അവൻ ആദ്യമായി ഒരു കുട്ടിയെ ഇഷ്ടമാണെന്നു പറയുമ്പോൾ അത് വെറുതെ വിടാനും വയ്യല്ലോ.

കുറച്ച് നാളുകൾ ഇങ്ങനെ അങ്ങ് പോവട്ടെ എന്നോർത്ത് സമാധാനിച്ചു.

മാസങ്ങൾ അധികം കഴിഞ്ഞില്ല, വീണ്ടും അതേ അജ്ഞാത സ്വരം ടോണിയുടെ അമ്മയെ തേടി എത്തി

ഭാര്യാഭർത്താക്കന്മാരെ പോലെയാണ് ആ പെൺകുട്ടിയും ഒരു ചെറുപ്പക്കാരനും ബാംഗ്ളൂരിൽ ജീവിക്കുന്നത് എന്നായിരുന്നു അയാൾക്ക് പറയുവാൻ ഉണ്ടായിരുന്നത്.

‘അത് ശെരിയാണ്, ആ പെൺകുട്ടിയും ചെറുപ്പക്കാരനും ഭാര്യാ ഭർത്താക്കൻമാരെ പോലെ തന്നെയാണ് ജീവിക്കുന്നത്’ ടോണിയുടെ അമ്മയുടെ മറുപടി

‘അപ്പൊ..നിങ്ങൾക്ക് ഇതൊന്നും പ്രശ്നമല്ലേ ? നിങ്ങളുടെ മകന്റെ ഭാവിയിൽ നിങ്ങൾക്ക് ആശങ്കയില്ലേ?’

‘എന്റെ മകന്റെ ഭാവിയും ജീവിതവും ഏതോ ഒരു കോണിൽ ഒളിഞ്ഞും മറഞ്ഞും ഫോൺ വിളിക്കുന്ന ഒരാളുടെ വാക്ക് കേട്ട് തുലയ്ക്കാൻ ഞാൻ ഒരുങ്ങിയില്ല, അവൻ എന്നെ ബാംഗ്ലൂർ കൊണ്ടുവന്നു, അവരുടെ വിവാഹം കഴിഞ്ഞു, ഇവിടെയും കുടുംബങ്ങൾ ആയി താമസിക്കുന്ന ആളുകളെ ഞാൻ കണ്ടു, കേരളത്തിന്റെ അതിർത്തിയിൽ ഒതുങ്ങി നിന്നുകൊണ്ട് വിശുദ്ധി കാത്ത് സൂക്ഷിക്കപെടേണ്ട ഗതികേട് ഒരു പെൺകുട്ടിക്കും ഇല്ല എന്ന് എനിക്ക് മനസിലായി’

അജ്ഞാതനു മറുപടി ഇല്ലായിരുന്നു.

‘അമ്മ തുടർന്നു

‘പുരുഷന്മാർ ജോലി നോക്കി വീട് പുലർത്തിയിരുന്ന കാലം കഴിഞ്ഞു, ഇന്ന് സ്ത്രീകൾ പഠിച്ചു, വളർന്നു, അവർക്ക് ആവും വിധം ജോലി നോക്കുന്നു, അതിർത്തി കടന്നിങ്ങെത്തിയപ്പോൾ എനിക്കും ഒരു മോഹം, എന്തെങ്കിലും ഒന്ന് ചെയ്യണമെന്ന്. ഇവിടെ ഞാൻ ഒരു തയ്യൽ ശാല തുടങ്ങി, കുറെ അധികം ആളുകൾക്ക് തൊഴിൽ കൊടുത്തു, മോന് പണി ഒന്നും ഇല്ലാഞ്ഞിട്ട് ആണ് ഈ ഫോൺ വിളിയൊക്കെ എങ്കിൽ ഞങ്ങളുടെ കൂടെ തുണി വെട്ടാനും തയ്‌ക്കാനും ഒക്കെ കൂടിക്കോ, അല്ലാതെ ഭൂമിക്ക് ഭാരമായിട്ട് ഇങ്ങനെ ജീവിക്കുന്നത് എന്തിനാ ‘

അജ്ഞാതൻ തുടർന്നില്ല, ഫോൺ നിശബ്ദമായി

‘ആരാ അമ്മച്ചീ’ റിയ ജോലി കഴിഞ്ഞെത്തിയിരിക്കുന്നു

‘ഇത് ആ മറ്റവനാ’

‘എന്നിട്ട് അമ്മച്ചി എന്ത് പറഞ്ഞു ‘

‘വല്ല പണി എടുത്ത് ജീവിക്കാൻ, കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ ഓരോന്ന് ഇറങ്ങിയേക്കും ‘

അമ്മച്ചി ഹാപ്പിയാണ്, റിയയും!!

LEAVE A REPLY

Please enter your comment!
Please enter your name here