അതും അല്ലെങ്കിൽ പിന്നൊരു വഴിയേ ഉള്ളു എന്റെ മോള് അവനെയങ്ങ് മറന്നേക്കൂ !

0
82

അനന്തപത്മനാഭന്റെ ആ ഉറച്ച വാക്കുകൾ കേട്ടതും പൗമിക്ക് അവൾ ഭൂമി കുഴിഞ് താഴേക്ക് പോകുന്നത് പോലെ തോന്നി…..

അവളൊന്നും മിണ്ടാതെ നിറഞ്ഞു വന്ന കണ്ണുനീർ തുള്ളികൾ കൈതണ്ടയാൽ ഒപ്പി മുകളിലേക്ക് ഉള്ള സ്റ്റെപ്പുകൾ കയറി………..

“പൗമീ…..”

താഴെ നിന്ന് പ്രവി വിളിച്ചെങ്കിലും അവൾ ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ല…..

നേരെ മുറിയിൽ ചെന്ന് കട്ടിലിലേക്ക് കിടന്നു………
അവളുടെ ഏങ്ങലടികൾ ഉയർന്നു താഴ്ന്നു കൊണ്ടേയിരുന്നു…

പെട്ടെന്ന് സംസാരം പാതി വഴിയിൽ നിർത്തി പ്രവിയും പാച്ചുവും അവൾക്ക് അടുത്തേക്ക് ചെന്നു…..

“പൗമീ….”

പ്രവി അവളെ വിളിച്ചെങ്കിലും അവൾ അതൊന്നും കേൾക്കാൻ കൂട്ടാക്കിയില്ല….

“പൗമി….ദേ മോളെ നോക്കിയെ ഏട്ടൻ പറയുന്നത് കേൾക്ക്….

അശ്വിൻ നല്ലവനാ അവന് മോളെ നല്ലതു പോലെ മനസിലാക്കാൻ സാധിക്കും….

പിന്നെ ഈ നാളും ജാതകവും ഒക്കെ….അതിലൊക്കെ ഒരുപാട് കാര്യങ്ങൾ ഉണ്ട്….
മോള് അവനെ വിവാഹം കഴിക്കണം….. വിവാഹം കഴിഞും ക്ലാസ്സിൽ പോകാലോ……”

അവൾ പെട്ടെന്ന് കട്ടിലിൽ നിന്നെണീറ്റ് അവൾക്ക് അടുത്തിരുന്ന പ്രവിയെ കെട്ടിപ്പിടിച്ചു….

“ഇല്ല…പ്രവി….നിന്നെയും പാച്ചൂനേയും വിട്ട് ഞാനെങ്ങോട്ടേക്കും പോവില്ല……..”

“അപ്പോൾ അശ്വിനെ വേണ്ടേ….??”

പ്രവിയുടെ ആ ചോദ്യത്തിനു മുൻപിൽ അവളൊന്ന് പകച്ചു….

“എനിക്ക് നിങ്ങളെ മതി….”

“അങ്ങനെയല്ല പൗമി…… നമുക്ക് എല്ലാവരെയും വേണം….ഒന്ന് നഷ്ടപ്പെടുത്തി കൊണ്ട് മറ്റൊന്ന് നേടിയെടുക്കരുത്……

ഇനിയും മൂന്നു മാസം കൂടി ഇല്ലേ വിവാഹത്തിന്…..”

“അത് കഴിഞ്ഞു ഞാൻ നിങ്ങളെയൊക്കെ വിട്ട് പോകണ്ടേ…..!!”

പെട്ടന്നുള്ള അവളുടെ ആ ചോദ്യം കേട്ടപ്പോൾ പ്രവിയും അങ്ങ് വല്ലാണ്ടായിരുന്നു……

“നിന്റെ ഫോൺ കുറേ നേരമായിട്ട് വൈബ്രേറ്റ് ചെയ്യുന്നുണ്ടല്ലോ…..ആരാന്ന് നോക്ക്…”

അവളുടെ തലയിണയ്ക്കടിയിൽ കമഴ്ന്നു കിടന്ന ഫോൺ കൈയ്യിലേക്ക് എടുത്ത് കൊണ്ടായിരുന്നു പാച്ചു അത് പറഞത്…

”ദേ പൗമി… അളിയനാ….എടുക്കട്ടേ…”

“വേണ്ട….”

“എന്താടീ ഇത്….അതിന് അളിയൻ എന്ത് തെറ്റ് ചെയ്തു….”

അത് പറഞ്ഞു പാച്ചൂ ആ കോൾ എടുത്ത് ഫോൺ ചെവിയോരം ചേർത്ത് പിടിച്ചു….

“പൗമീ….”

“അളിയാ പൗമി അല്ല പാച്ചുവാ……”

“ആ…പാച്ചൂ…എന്നാ ഉണ്ടെടാ….പൗമി എവിടെ….”

“അവള്….”

പാച്ചു അത് പറയാൻ തുടങ്ങിയപ്പോഴേ പൗമി കൈവിടർത്തി പറയണ്ടാന്ന് ആഗ്യം കാണിച്ചു….

പക്ഷേ അവനത് വക വെയ്ക്കാതെ പറഞ്ഞു

“ഇവിടെ ഉണ്ട് അളിയാ…കൊടുക്കാം…”

അതും പറഞ്ഞു കൊണ്ട് പാച്ചു ഫോൺ പൗമിക്ക് നീട്ടി…
അവൾ ദേഷ്യത്താൽ മുഖം കോട്ടി കൊണ്ട് ഫോൺ വാങ്ങി

“ഹലോ…..”

“മ്ം…”

“എന്താടോ…..പെട്ടന്നിപ്പോ എന്താ പറ്റിയെ….??
സാർ പറഞ്ഞു താൻ ഭയങ്കര കരച്ചിലാണെന്ന്….”

“ഞാൻ കരഞൊന്നും ഇല്ല….അച്ചുവേട്ടന് തോന്നുന്നതാ….”

“എന്റെ പെണ്ണ് എന്നോട് കള്ളം പറയാനും തുടങ്ങിയോ…..??”

അശ്വിന്റെ ആ ചോദ്യത്തിന് മുൻപിൽ അവൾക്ക് ഉത്തരം മുട്ടി പോയിരുന്നു..

“അച്ചുവേട്ടാ സോറി…”

“മ്ം….താൻ പ്രവിക്ക് ഒന്ന് ഫോൺ കൊടുക്ക്….”

അവൾ ഫോൺ പ്രവീണിനു നേരെ നീട്ടി

പ്രവീൺ ഫോണുമായി പുറത്തേക്ക് പോയിട്ട് അൽപ്പം സമയത്തിനു ശേഷം തിരികെ വന്നു..

“എന്താ പ്രവി അശ്വിൻ പറഞ്ഞത്…?”

“അളിയന് നിന്നെ ഒന്ന് കാണണമെന്ന്….
നാളെ വൈകിട്ട് ഒന്ന് കാണാൻ പറ്റുവോന്ന് ചോദിച്ചു…”

“എന്നിട്ട് നീ എന്ത് പറഞ്ഞു….??”

“കാണാമെന്ന് പറഞ്ഞു…”

“എന്തിനാ പ്രവി അങ്ങനെ പറഞ്ഞത്…എനിക്ക് ആരേയും കാണണ്ട….

നീ വിചാരിക്കുന്നത് പോലെ അശ്വിനെ വിവാഹം കഴിചാൽ നിനക്ക് ആരെയും നഷ്ടപ്പെട്ട് പോകത്തൊന്നും ഇല്ല….
ഞങൾക്ക് ഇപ്പോ നിന്നോടുള്ള അതേ സ്നേഹം എന്നും ഉണ്ടാകും…നീ വിവാഹം കഴിച്ചാലും ഞങ്ങള് വിവാഹം കഴിച്ചാലും ഇനി നിനക്ക് രണ്ട് കുട്ടികൾ ഉണ്ടായാലും,….അവരെല്ലാം ഞങ്ങൾക്ക് നീ കഴിഞിട്ടേ ഉള്ളു……”

അവളുടെ കണ്ണിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീര് തുടച്ച് മാറ്റി കൊണ്ടായിരുന്നു പ്രവി അത് പറഞത്…
അവൾ അവനോടു കൂടുതൽ ചേർന്നിരുന്നു…..

പിറ്റേന്ന് കോളേജ് കഴിഞ്ഞു വീട്ടിലേക്ക് പാച്ചുവും പൗമിയും വരുമ്പോൾ തന്നെ പ്രവീൺ ഉമ്മറത്ത് ഇരിപ്പുണ്ടായിരുന്നു…..

“വേഗം പോയി ഡ്രസ്സ് മാറി വാ….അശ്വിൻ കുറേ നേരം കൊണ്ട് ബീച്ച് റോഡിൽ വെയിറ്റ് ചെയ്യുവാ…..”

“വരുന്നു പ്രവി…”

അവൾ വേഗം റൂമിലേക്ക് നടന്നു….
വേഗന്ന് കുളിച്ചിറങ്ങി…..
ജീൻസും ടോപ്പിലേക്കും വിരലുകൾ നീണ്ടെങ്കിലും അശ്വിന് ഇഷ്ടം ആയില്ലങ്കിലോ എന്നോർത്ത് അൽപ്പം നീരസത്തോടെ ഒരു റോയൽ ബ്ലൂ കളർ ചുരിദാർ എടുത്തിട്ടു….താൽപര്യം ഇല്ലെങ്കിലും അശ്വിന് വേണ്ടി മാലയും കമ്മലും അങ്ങനെ ഓരോന്നും എടുത്തിട്ടു…

“പൗമീ…..”

“വരുന്നു പ്രവീ…”

അതും പറഞ്ഞു കൊണ്ടവൾ താഴേക്ക് ഇറങ്ങി ചെന്നു….

“അളിയനെ കാണാൻ പോകുമ്പോൾ മാത്രമാ ഞങ്ങള് ഞങ്ങടെ പെങ്ങളെ ഒരു പെൺ കോലത്തിൽ കാണുന്നത്….”

പാച്ചു ആരോടെന്നില്ലാതെ അത് പറഞ്ഞു…

പൗമി ഒന്നും മിണ്ടാതെ കാറിൽ കയറി……
ആ കാറ് അവളെയും കൊണ്ട് കുറച്ചു ദൂരം സഞ്ചരിച്ചു…

“ദേ പ്രവീ അളിയൻ….”

പാച്ചു കാറിൽ ഇരുന്നു കൊണ്ട് പറഞ്ഞു….

ബീച്ചിന്റെ സൈഡിൽ നിർത്തിയിട്ടിരുന്ന കാറിൽ ചാരി നിൽക്കുന്ന അശ്വിനെ അപ്പോഴായിരുന്നു പൗമിയും കണ്ടത്….

അവർ മൂന്ന് പേരും വണ്ടി ഒതുക്കി ഇട്ടിട്ട് പതിയെ അശ്വിന്റെ അടുത്തേക്ക് നടന്നു…

പ്രവിയെയും പാച്ചുവിനെയും കണ്ടപ്പോൾ അശ്വിൻ അവർക്ക് കൈ കൊടുത്തു അൽപം നേരം അവരോട് സംസാരിച്ചു… പൗമി ഒന്നും മിണ്ടാതെ നിന്നെങ്കിലും ഇടയ്ക്കിടെ അശ്വിന്റെ നോട്ടം പൗമിയിലേക്ക് പാളി വീഴുന്നുണ്ടായിരുന്നു…ഒരു കണ്ണാലെ പ്രവി അത് കാണുകയും ചെയ്തു……

“എന്നാ അളിയാ നിങ്ങള് സംസാരിക്ക് ഞാനും പാച്ചുവും ഒന്ന് നടന്നിട്ടു വരാം……”

അതും പറഞ്ഞു പ്രവിയും പാച്ചുവും കടലിനടുത്തേക് നടന്നു…..

“എന്താ പൗമി…..??എന്താ തനിക്ക് പറ്റിയത്….”

അവൾ ഒന്നും മിണ്ടാതെ നിന്നു…

“നീ ചുമ്മാ എന്നെ ദേഷ്യം പിടിപ്പിക്കരുത്….ഫോൺ വിളിച്ചാൽ എടുക്കാൻ പറ്റില്ല…നേരിട്ട് കണ്ടാൽ സംസാരിക്കാൻ പറ്റില്ല…
എന്താ നിന്റെ ഉദ്ദേശ്യം….”

അവൻ അൽപം ചൂടായിട്ടായിരുന്നു സംസാരിച്ചത്…..അവൾ ആദ്യമിയിട്ടായിരുന്നു അവനെ അത്രമാത്രം ദേഷ്യത്തിൽ കാണുന്നത്…

“എന്താ തനിക്ക് ഇതൊന്നും വേണ്ടാ എന്നാണേൽ സാറിനോട് ഞാൻ പറഞോളാം….
നമുക്ക് ഇതൊക്കെ ഇപ്പോൾ അവസാനിപ്പിക്കാം….”

അവൻ അത് പറഞ്ഞതും അവൾ നിറകണ്ണുകളോടെ അവന്റെ കൈത്തണ്ടയിൽ പിടിച്ചു കൊണ്ട് ദയനീയമായി അവനെയൊന്ന് നോക്കി…….

അവളുടെ ആ നോട്ടത്തിൽ അവന്റെ ചങ്കൊന്ന് പിടഞ്ഞു….

അവൻ വേഗം അവളെ നെഞ്ചോടു ചേർത്തു പിടിച്ചു…..

അവളൊന്ന് പൊട്ടിക്കരഞ്ഞു…..

അവൻ അവളേ അവനാൽ ആവും വിധം സമാധാനിപ്പിച്ചു….

“എന്തിനാ പൗമി ഇങ്ങനെ കരയുന്നത്…കരഞ്ഞു വല്ല അസുഖവും പിടിപ്പിക്കാനാണോ….

ദേ നോക്കൂ ഞാന് സ്നേഹിച്ച ഒരു പൗമി ഉണ്ട്….ആൺകുട്ടികളെ പോലെ ഡ്രസ്സൊക്കെ ചെയ്തു ഒന്ന് പറഞാൽ തിരിച്ചു പത്തു പറയുന്നൊരു പൗമി….
എനിക്കെന്നും ഇഷ്ടം ആ പൗമിയെയാ…..

താൻ ആർക്കു വേണ്ടിയാ ഈ ചുരിദാർ ഒക്കെ ഇട്ട് ഇങ്ങനെ ഒരുങ്ങി വന്ന് നിൽക്കുന്നത്….ഇഷ്ടം ഇല്ലാഞ്ഞിട്ടും ഇതൊക്കെ ഇടുന്നതു എന്നെ കാണിക്കാനല്ലേ……

എന്തിനാടോ ഇതൊക്കെ ഞാൻ സ്നേഹിക്കാൻ തുടങ്ങിയപ്പോൾ താൻ എങ്ങനെയായിരുന്നോ അങ്ങനെ തന്നെ മതി ഇനി മുന്നോട്ടും
ഇങ്ങനെ മറ്റൊരാൾക്ക് വേണ്ടി മാറിയാൽ പൗമി പൗമി അല്ലാതെ ആയി പോകും……”

“മ്ം….”

അവൾ തല കുലുക്കി കൊണ്ടൊന്ന് മൂളി….

“പിന്നൊരു കാര്യം എന്റേത് മാത്രമായ ലോകത്ത് തന്നെ തളച്ചിടാനല്ല ഞാൻ സ്നേഹിച്ചത് നമ്മുടേത് മാത്രമായ ലോകത്തിൽ പറന്നു നടക്കാനും കൂടി വേണ്ടിയാണ്….”

“മ്ം…”

“ഞാൻ പറയുന്നത് വല്ലതും മനസ്സിലാകുന്നുണ്ടോ….”

“എന്താ മനസ്സിലാകാതെ ഇരിക്കാൻ ഞാൻ പൊട്ടിയാണോ……”

“ആഹാ…പഴേ പൗമി ആയല്ലോ….

ഭർത്താവ് എന്നൊരു ബഹുമാനം ഞാനൊരിക്കലും ചോദിച്ചു വാങ്ങില്ല….തന്റെ ഏറ്റവും നല്ലൊരു സുഹൃത്ത് അങ്ങെനെ മതി…
പിന്നെ താൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന പ്രവിയും പാച്ചുവും അവരിൽ നിന്നൊന്നും ഒരിക്കലും തന്നെ ഞാൻ അടർത്തി മിറ്റില…എനിക്കും കാണണം നിങ്ങടെ സ്നേഹം…

പിന്നെ നമ്മുടെ വിവാഹം….. വിവാഹം കഴിഞാലും തനിക്ക് എത്രവേണലും പഠിക്കാം…
തന്റെ ക്ലാസ് കഴിയുന്നത് വരെ നമുക്ക് നല്ല ഫ്രണ്ടായിട്ട് ഇരിക്കാം….അത് കഴിഞ്ഞു പതിയെ മതി ഒരു കുടുംബ ജീവിതം ഒക്കെ…..
എനിക്ക് അറിയാം തന്റെ വിഷമം ഒക്കെ….സോ എന്നെ വിവാഹം കഴിച്ചാൽ തനിക്ക് ആരെയും നഷ്ടപ്പെടുത്തേണ്ടി വരില്ല….”

“അശ്വിൻ എനിക്ക് കടല വാങ്ങി തരാവോ….”

നിഷ്കളങ്കമായ അവളുടെ ആ ചോദ്യത്തിൽ അവൻ അവളുടെ മുഖത്തേക് നോക്കി….

അവളപ്പോഴേക്കും പാട്ടൊക്കെ പാടി കടലിലേക്കും നോക്കി നിൽക്കുകയായിരുന്നു…

ഇതാണ് ഞാൻ ആഗ്രഹിച്ച പൗമി….കുറച്ചൊക്കെ കുറുമ്പും അത്യാവശ്യം തന്റെടവും കുറച്ച് പൊട്ടത്തരങ്ങളും….

“അതേ…നിങ്ങളെന്താ മനുഷ്യാ അവിടെ കടല ഉണ്ടാക്കുവാണോ….??”

പൗമിയുടെ ആ ചോദ്യമായിരുന്നു അശ്വിനെ ചിന്തകളിൽ നിന്നുണർത്തിയത്….

“ദാ വരുന്നു…”

അവൻ വേഗം അവൾക്ക് അടുത്തേക്ക് ചെന്നു….

“അശ്വിൻ നമുക്ക് കടലിലേക്ക് ഇറങ്ങാം….”

പെട്ടെന്ന് അബദ്ധം പറ്റിയത് പോലെ അവൾ അവനെ നോക്കി….

“സോറി അച്ചുവേട്ടാ….”

“സാരല്ല…പതിയെ ശീലമാക്കിയാൽ മതി….ഇനി അതല്ല അശ്വിൻന്ന് വിളിക്കാനാ ഇഷ്ടം എങ്കിൽ അങ്ങനെ ആയിക്കോട്ടെ….”

അവൾ അവനെ നോക്കി ഒന്നൂടെ തല കുലുക്കി…

“അതേയ് ഈ തലയാട്ട് മാത്രേ ഉള്ളോ….??”

“പിന്നെ…??”

അവൻ ചൂണ്ടുവിരൽ കൊണ്ട് അവന്റെ കവിളിൽ തൊട്ട് കാണിച്ചു

“അയ്യേ…..കള്ളപോലീസ്….”

അതും പറഞ്ഞു കൊണ്ട് തീരത്തെ പുൽകാൻ ആഞടുക്കുന്ന തിരയിലേക്കവൾ ഇറങ്ങി…

പിന്നാലെ ഓടി അവൻ അവൾക്ക് പിന്നിൽ ചെന്നു നിന്നു….
അവന്റെ ശ്വാസം അവളുടെ കഴുത്തിലെയും കാതിലെയും ചെറിയ ചെമ്പൻ രോമങ്ങളെ ചെറുതായി ഒന്ന് തഴുകി…

അവൻ മെല്ലെ അവളുടെ ചെവിയിൽ ഒരുമ്മ കൊടുത്തു കൊണ്ട് മന്ത്രിച്ചു

“അതേയ് ….എനിക്ക് ഇഷ്ടം ആ ജീൻസും ഷർട്ടും ആട്ടോ…..

പിന്നെ വേണ്ടാത്തിടത്ത് നോക്കുന്നവന്റെയും വേണ്ടാതീനം പറയുന്നവന്റെയും കരണം നോക്കി ഒന്ന് പൊട്ടിച്ചോ കേട്ടോ….അതിന്റെ ബാക്കി ഞാൻ നോക്കിക്കോളാം….”

അവൾ മുഖം ചരിച്ച് അവനെ നോക്കി…
പെട്ടന്നായിരുന്നു അവൻ അവളുടെ കവിളിലേക്ക് ചുണ്ട് ചേർത്തത്…

അവൾ തിരിഞ് അവന്റെ അവനെ കൈ കൊണ്ട് തള്ളി മാറ്റി

”നിങ്ങള് കള്ളനാ….കള്ളപോലീസ്…..”

അത് പറഞ്ഞു ചിരിച്ചു കൊണ്ടവൾ പ്രവിക്കും പാച്ചുവിനും അരികിലേക്ക് ഓടി…പിന്നാലെ അശ്വിനും….

×××××

പിന്നീടുള്ള ഓരോ ദിവസങ്ങളിലും പൗമിക്കും പാച്ചുവിനും എക്സാം ഉണ്ടായിരുന്നു….
അത് കൊണ്ട് തന്നെ അശ്വിൻ അവളോടുള്ള ഫോൺ വിളിയൊക്കെ കുറച്ചു….പ്രവി അവരെ രണ്ടു പേരെയും പഠനത്തിൽ ഹെൽപ്പ് ചെയ്തു…..

എക്സാം കഴിഞ്ഞു ഒരുമാസം ലീവും കിട്ടി….

പ്രവിയുടെ മടിയിൽ തലയും വെച്ച് പാച്ചുവിന്റെ മടിയിലോട്ട് കാലും വെച്ച് സോഫായിൽ കിടന്നു ടി വി കാണുവായിരുന്നു പൗമി….

അനന്തപത്മനാഭനും ലക്ഷ്മിയും പൗമിയുടെയും അശ്വിന്റെയും ജാതകങ്ങളുമായി വിശ്വനാഥൻ നമ്പൂതിരിയെ കാണാനായി പോയതായിരുന്നു….

“ഡാ അച്ഛനൊക്കെ എവിടെ എത്തിയെന്ന് വിളിച്ചു നോക്കിയെ…..”

പൗമി ആയിരുന്നു പ്രവിയോടായ് അത് പറഞത്…

പ്രവി വിളിക്കാൻ തുടങ്ങിയതും ആ മുറ്റത്തേക്കൊരു കാറ് വന്നു നിന്നതും ഒന്നിച്ചായിരുന്നു…

“ദേ അവര് വന്നുവെന്ന് തോന്നുന്നു…..”

അതും പറഞായിരുന്നു പൗമി കിടന്നിടത്തുന്ന് എണീറ്റത്…

“എന്തായി അച്ഛാ പോയിട്ട്….??”

പ്രവി ആയിരുന്നു അത് ചോദിച്ചത്…

“ഏയ്….പേടിക്കാനായിട്ട് ഒന്നും ഇല്ല….പക്ഷേ…”

അതു പറഞ്ഞു കൊണ്ട് അയാൾ ഒന്നു നെടുവീർപ്പിട്ടു…

“എന്താ അച്ഛാ….??”

“അത് മോനെ നമ്മള് ഒരുപാട് ആയില്ലേ..കുടുംബ വീട്ടിലേക്കും കുടുംബ ക്ഷേത്രത്തിലേക്കും ഒക്കെ പോയിട്ട്….അതിന്റെ ഒരു ചെറിയ ദോഷം….

എത്രയും പെട്ടന്ന് നമ്മൾ അവിടെ ചെല്ലണം….മൂന്നു ദിവസം പൂജ നടത്തണം…
മൂന്നാം ദിവസം അശ്വിനും ഉണ്ടാവണം പൂജയ്ക്ക്……”

“അപ്പോൾ എന്ന് പോകണം എന്നാ അച്ഛൻ പറയുന്നത്…. എത്രയും വേഗം…. കഴിയുമെങ്കിൽ നാളെ തന്നെ…..

അശ്വിന് ഇരുപത്തിയേഴ് തികയാൻ ഇനി രണ്ട് മാസം കൂടിയല്ലേ ഉള്ളു….

പ്രവി നിനക്ക് ഒരു മൂന്ന് ദിവസത്തേക്ക് ലീവ് എടുക്കാൻ പറ്റുവോ…..”

“എടുക്കാം അച്ഛാ…..”

“എന്നാ മൂന്നാളും പോയി കൊണ്ടു പോകാനുള്ള ഡ്രസ്സൊക്കെ എടുത്തു വയ്ക്ക്….നാളെ രാവിലെ പുറപ്പെടണം….”

പൗമിയും പാച്ചുവും പ്രവിയും പരസ്പരം മുഖത്തോട് മുഖം നോക്കി….

“എന്താ മൂന്നാളും നോക്കി നിൽക്കുന്നത്…വേഗം ചെല്ല്….രാത്രി അധികം നേരം വർത്തമാനം പറഞ്ഞു ഇരിക്കണ്ട വേഗം കിടന്നോണം കേട്ടോ….”

ഒന്ന് തല കുലുക്കി കൊണ്ട് അവർ മൂന്നു പേരും മുകളിലേക്ക് കയറി….

അനന്തപത്മനാഭൻ ധൃതിയിൽ ലക്ഷ്മിയുടെ അടുത്തേക്ക് ചെന്നു…

“എടോ താനിങ്ങനെ കരയാതെ…..അവൾക്ക് ഒന്നും സംഭവിക്കില്ല….അതിനല്ലേ നമ്മൾ അൽപം പോലും സമയം കളയാതെ നാളെ തന്നെ പോകുന്നത്….

പിള്ളേരോട് മൂന്നു പേരോടും ഞാനൊന്നും പറഞിട്ടില്ല…ഇനി താനായിട്ടും ഒന്നും പറയണ്ടാ….”

ലക്ഷ്മി ഒന്ന് തല കുലുക്കുക മാത്രം ചെയ്തു….

ഡ്രസ്സൊക്കെ എടുത്ത് വയ്ക്കുമ്പോഴും പ്രവീണിന്റെ ചിന്ത അച്ഛൻ പറഞ്ഞതിനെ കുറിച്ച് ഓർത്തായിരുന്നു….
അവനും മനസ്സിലായിരുന്നു എന്തോ കാര്യമായ പ്രശ്നം ഉണ്ടെന്ന് പക്ഷേ അവനത് പൗമിയോടും പാച്ചൂനോടും പറയാൻ നിന്നില്ല…

കാലത്ത് തന്നെ പ്രവിയായിരുന്നു പാച്ചുവിനെയും പൗമിയെയും വിളിച്ചു ഉണർത്തിയത്…അതും അനന്തപത്മനാഭൻ പറഞ്ഞത് അനുസരിച്ച് കൃത്യം മൂന്നു മണിക്ക്…..

വേഗം റെഡിയായി കൃത്യം നാലു മണിക്ക് തന്നെ അവർ വീട്ടിൽ നിന്നിറങ്ങി….

സൂര്യനുദിക്കും മുൻപ് തന്നെ പൗമിയെയും കൊണ്ട് ആ വീട് വിട്ട് ഇറങ്ങണമെന്ന ജോൽസ്യന്റെ വാക്കുകളിൻ മേൽ ആയിരുന്നു അവർ അങ്ങനെ ചെയ്തത്…..

ദീർഘ ദൂരത്തെ യാത്രയ്ക്ക് ശേഷമായിരുന്നു അനന്തപത്മനാഭന്റെ കുടുംബം വീടായ പാലക്കാട്ടെ ആ വലിയ നാലു കെട്ടിനു മുൻപിൽ അവരുടെ കാർ ചെന്ന് നിന്നത്….

ഡോറ് തുറന്ന് ആദ്യം ഇറങ്ങിയത് പൗമി ആയിരുന്നു…….
അവളുടെ കാലുകൾ ആ മണ്ണിലേക്കമർന്നതും എങ്ങു നിന്നോ ഒരു ഇളം കാറ്റ് അവളെ വട്ടം ചുറ്റിയതും ഒന്നിച്ചായിരുന്നു…..
പടിക്കെട്ടുകൾക്ക് ഇരു വശങ്ങളിലുമായി നിന്ന വെള്ള അരളിയും വെള്ള ചെമ്പകവും ഒന്നിച്ചു പൂക്കൾ പൊഴിച്ചപ്പോൾ അവൾക്കു വേണ്ടി വിരിയാനായ് മുറ്റത്തിന്റെ തെക്കേ കോണിലെ നിശാഗന്ധി ചെടിയിൽ ഒരു കുഞ്ഞു മൊട്ട് പ്രത്യക്ഷപ്പെട്ടു…

LEAVE A REPLY

Please enter your comment!
Please enter your name here