അതു പ്രശസ്തിക്ക് വേണ്ടി ചെയ്തതല്ല, ഒന്നും അറിഞ്ഞില്ല: സർപ്രൈസ് പിറന്നാൾ ‘നായകൻ’ പറയുന്നു…

0
711

ഇല്ല, അതൊരിക്കലും പ്രശസ്തിക്ക് വേണ്ടി ആസൂത്രിതമായി ചെയ്തതല്ല, ദയവു ചെയ്തു ഞങ്ങളെ വിശ്വസിക്കൂ’
ഭർത്താവിന്റെ ജന്മദിനാഘാഷത്തിൽ പങ്കെടുക്കാൻ നാട്ടിൽ നിന്ന് ഒമാനിലെ മസ്കത്തില്‍ ഭാര്യയെത്തി സർപ്രൈസ് നൽകിയ സംഭവത്തിലെ നായകൻ റൊമാരിയോ ജോൺ പറയുന്നു.

സുഹൃത്തുക്കൾ ചേർന്ന് ഒരുക്കിയ ജന്മദിന സമ്മാനമായിരുന്നു…റൊമാരിയോയുടെ ഭാര്യ ആൻ മരിയയെ മസ്കത്തിലെത്തിച്ചത്…സത്യം പറഞ്ഞാൽ, വീസയും വിമാന ടിക്കറ്റുമെല്ലാം എടുത്തതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല. സുഹൃത്തുക്കളോടൊപ്പം കേക്ക്മുറിക്കുമ്പോഴായിരുന്നു ആൻ മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ശരിക്കും ജീവിതത്തിലൊരിക്കലും മറക്കാനാകാത്ത ജന്മദിന സമ്മാനമാണ് എനിക്ക് സുഹൃത്തുക്കൾ തന്നത്–മസ്കത്തിലെ ഹോട്ടലിൽ ഷെഫായ റൊമാരിയോ മനോരമ ഓൺലൈനിനോട് പറഞ്ഞു. ഇൗ വിഡിയോ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തതിനെ തുടർന്ന് അഭിനന്ദനങ്ങളും അതോടൊപ്പംനടത്തിയ ആസൂത്രിതമായി നടത്തിയ പരിപാടിയെന്ന് വിമർശനവും ഉയർന്നിരുന്നു.

ഈ മാസം 20ന് പുലർച്ചെ 1.30ന് റൊമാരിയോ താമസിക്കുന്ന ഒമാൻ ബൗഷാറിലെ താമസ സ്ഥലത്തായിരുന്നു മുപ്പതാം ജന്മദിനാഘോഷം. സുഹൃത്തുക്കളായ പ്രദീപ്, അജിൻ, അൻസാർ, ഫൈസൽ, റിജോ, ലിജോ, അരുൺ എന്നിവർ ചേർന്നായിരുന്നു കേക്ക് വാങ്ങി ആഘോഷമൊരുക്കിയത്. ഹാപ്പി ബർത് ഡേ പാടി കേക്ക് മുറിച്ച് തിരിഞ്ഞുനോക്കിയപ്പോൾ ദാ, പുഞ്ചിരി തൂകി നിൽക്കുന്ന പ്രിയതമ!.. കണ്ണുകളെ വിശ്വസിക്കാനായില്ല. മിഴിച്ചു നിന്നപ്പോൾ ചങ്ക് ബ്രോസൊക്കെ ചിരിയമർത്താൻ പാടുപെട്ടു.

2019 മേയ് ആറിനായിരുന്നു ഇടുക്കി തൊടുപുഴ വി.കെ.ജോൺ–സാലി ദമ്പതികളുടെ മകൻ റൊമാരിയോ ജോണും കോഴിക്കോട് പേരാമ്പ്ര മുതുകാട് സ്വദേശി റെജി–ലിസി ദമ്പതികളുടെ മകൾ ആൻ മരിയയെ സ്വന്തമാക്കിയത്. ഏഴു വർഷത്തെ കൊടിയ പ്രണയത്തിനൊടുവിലായിരുന്നു ഇത്. മുംബൈയിൽ നഴ്സാണ് ആൻ മരിയ. റൊമാരിയോ നാലു വർഷമായി മസ്കത്തിൽ ജോലി ചെയ്യുന്നു. വിവാഹത്തിന് ശേഷം വൈകാതെ ഇരുവർക്കും ജോലി സ്ഥലത്തേയ്ക്ക് മടങ്ങേണ്ടിവന്നു. തുടർന്നുവന്ന റൊമാരിയോയുടെ ആദ്യത്തെ ജന്മദിനമായിരുന്നു അന്ന് ആഘോഷിച്ചത്.

എന്റെയും ആനിന്റെയും വീട്ടുകാരുമായി ചേർന്ന് സുഹൃത്തുക്കൾ ഒന്നര മാസം മുൻപേ യാത്ര പ്ലാൻ ചെയ്തിരുന്നു.അവർ തന്നെ വീസയും വിമാന ടിക്കറ്റും ശരിയാക്കി. ഈ ജന്മദിനത്തിന് ഒപ്പമുണ്ടായിരിക്കണമെന്ന് ആൻ വിളിക്കുമ്പോഴൊക്കെ പറഞ്ഞുകൊണ്ടിരുന്നു. എന്തു ചെയ്യാനാ, നമുക്ക് അടുത്ത വർഷം ഒന്നിച്ചാഘോഷിക്കാമെന്നായിരുന്നു എന്റെ മറുപടി. പക്ഷേ, ഇതെല്ലാം ഈ സർപ്രൈസ് തരാനാണെന്ന് അറിഞ്ഞിരുന്നില്ല. സാധാരണ സുഹൃത്തുക്കളുടെ ജന്മദിനം എല്ലാവരും ചേർന്ന് ആഘോഷിക്കാറുണ്ട്. അത് ഫ്ലാറ്റിലെ മുറിയിലായിരുന്നു പതിവ്.

ഇത്തവണ കമ്പനി അക്കോമഡേഷനിലെ ലോബിയിൽ ആഘോഷമൊരുക്കിയപ്പോൾ എന്തിനാണതെന്ന് ചോദിച്ചു. ‘എടാ അവിടെ ഒത്തിരി സ്ഥലമുണ്ടല്ലോ…നമുക്ക് നന്നായി ഫോട്ടോയൊക്കെ എടുക്കാമല്ലോ’ എന്ന് പറഞ്ഞാണ് എന്നെ അവിടെ കൊണ്ടു നിർത്തിയത്. ആനിനെ ആരും കാണാതെ സ്ഥലത്തെത്തിക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യം–ഓർക്കുമ്പോൾ റൊമാരിയോയ്ക്ക് ചിരിയടക്കാനാകുന്നില്ല….
മൂന്നു ദിവസത്തെ അവധിയെടുത്ത് 10 ദിവസത്തേയ്ക്കായിരുന്നു 19ന് വൈകിട്ട് ആൻ മസ്കത്തിലെത്തിയത്.

യാത്ര പുറപ്പെടും മുൻപ് ഞാൻ ആനിനെ ഫോൺ വിളിച്ചിരുന്നു. അപ്പോളവൾ തയാറെടുക്കുകയായിരുന്നു. എവിടെ പോകുവാണ് എന്ന് ചോദിച്ചപ്പോൾ, പള്ളിയിലേയ്ക്ക് പോവുകയാണെന്നായിരുന്നു മറുപടി. ആലപ്പുഴക്കാരൻ എന്ന ഫെയ്സ് ബുക്ക് ഗ്രൂപ്പിലാണ് ആദ്യം വിഡിയോ പോസ്റ്റ് ചെയ്തത്. പിന്നീടത് വെറൈറ്റി ഗ്രൂപ്പ് ഷെയർ ചെയ്തു. അപ്പോഴാണ് പോസിറ്റീവ് കമന്റ്സിനോളം നെഗറ്റീവും പ്രത്യക്ഷപ്പെട്ടത്. പ്രശസ്തിക്ക് വേണ്ടി എല്ലാവരും ചേർന്നു നടത്തിയ നാടകമാണെന്ന് വരെ ചിലർ പറഞ്ഞു. അതല്ല എന്നറിയിക്കാനാണ് മനോരമ ഓൺലൈനുമായി ഇതെല്ലാം പങ്കുവയ്ക്കുന്നത്– റൊമാരിയോ പറഞ്ഞു…

LEAVE A REPLY

Please enter your comment!
Please enter your name here