മനസ്സിൽ നിങ്ങളുടെ സ്ഥാനം വഞ്ചകന്റെതാണ് , എന്നെ ഇനി കാണാൻ ശ്രമിക്കരുത്‌ വിളിക്കാനും

0
174

“എന്നെ വെറും വിഡ്ഢിയാക്കരുത് രോഹിത്‌…. മഴയത്ത്‌ രഹനയുമായി ഒട്ടിച്ചേർന്ന് ബൈക്കിൽ കറങ്ങുന്നതിനു നിങ്ങൾക്ക്‌ പല ന്യായീകരണങ്ങൾ ഉണ്ടാകും, പക്ഷേ എന്റെ മനസ്സിൽ നിങ്ങളുടെ സ്ഥാനം വഞ്ചകന്റെതാണ് , എന്നെ ഇനി കാണാൻ ശ്രമിക്കരുത്‌ വിളിക്കാനും……” അനുന്റെ മെസ്സേജ് സത്യത്തിൽ എനിക്ക്‌ അവളോട്‌ വെറുപ്പായി തുടങ്ങിയിരുന്നു…

ബാംഗ്ലൂർ നിന്നും  ഒറ്റക്കാണു രഹന വരുന്നത്‌, ഒന്ന് പിക്‌ ചെയ്യാമോ ചേട്ടായിന്ന് മെസ്സേജ്  അയച്ചതും അവൾ തന്നെയായിരുന്നു, എന്നിട്ട്‌ എന്തെ ഇങ്ങനെ ഒരു മെസ്സേജ്  എന്ന് ചിന്തിച്ച്‌ കിടന്നത്‌ കൊണ്ട്‌ ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. രാവിലെ തന്നെ അവളുടെ ഹോസ്റ്റലിലേക്ക്‌ തിരിച്ചെങ്കിലും , രാത്രിയിൽ ആങ്ങളമാരുടെ കൂടെ അവൾ വീട്ടിലേക്ക്‌ പോയി എന്ന കൂട്ടുകാരികളുടെ വാക്കുകൾ , എനിക്ക്‌ അവളോടുള്ള ദേഷ്യം ഇരട്ടിപ്പിച്ചിരുന്നു..

രണ്ട്‌ ദിവസം, നോക്കിയിട്ടും കോൾ ഒന്നും കാണാത്തത്‌ കൊണ്ടാണു അവളെ ഒന്ന് വിളിച്ച്‌ നോക്കിയത്‌, നിങ്ങളോട്‌ വിളിക്കരുതെന്നല്ലെ പറഞ്ഞതെന്ന് പറഞ്ഞ്‌ ഫോൺ കട്ടാക്കും മുമ്പെ അവളുടെ കരച്ചിൽ എന്റെ ചെവിയിൽ മുഴങ്ങിയത്‌ കൊണ്ടാണു അവളെ നേരിൽ കാണാൻ വണ്ടി കയറിയതും..

നാലരമണിക്കൂർ യാത്രയിൽ, ആദ്യമായി അമ്പലനടയിൽ വെച്ച്‌ കണ്ടതും, ഒരുപാട്‌ പുറകെ നടന്നിട്ടും ഇഷ്ടമല്ലെന്ന് പറഞ്ഞവളെ , കോവിലിന്റെ മുന്നിൽ വെച്ച്‌ പിടിച്ച്‌ നിർത്തി തലയിൽ തൊട്ട്‌ ദൈവം സത്യം ഞാൻ നിന്നെയും കൊണ്ടെ പോകു എന്ന് പറഞ്ഞപ്പോൾ അവളുടെ മുഖത്ത്‌ കണ്ട ചിരിക്ക്‌ പത്തരമാറ്റായിരുന്നു, ചെറുപ്പത്തിലെ അമ്മ നഷ്ടമായ എനിക്ക്‌ അവളൊരു അമ്മയായിരുന്നു, അവളെ കാണാതെ പുക വലിക്കുമ്പോൾ പലപ്പോഴും തോന്നിയിട്ടുണ്ട്‌ അവളെന്റെ അച്ചനാണോന്ന്, പിണങ്ങാനും , അടിയിടാനും ഒരു പെങ്ങളുടെ കുറവും ഞാൻ മറന്ന് തുടങ്ങിയത്‌ അവൾ വന്നതിനു ശേഷമായിരുന്നു,

സ്ഥലമായിന്നു കണ്ടക്ടറിന്റെ വാക്കുകളാണു എന്നെ ചിന്തയിൽ നിന്നു ഉണർത്തിയത്‌, ജീവനെ പോലെ കരുതിയവൾക്കുണ്ടായ മാറ്റം , വേറെ നല്ല ആലോചന അവൾക്ക്‌ വന്ന് കാണുമെടാ എന്ന സുഹൃത്തുക്കളുടെ വാക്കുകൾ സത്യമാണോ എന്ന് കൂടി അറിയണം എന്നതെ ഉണ്ടായിരുന്നുള്ളു, അവളുടെ വീട്‌ എത്തുന്നത്‌ വരെയും , അതോടൊപ്പം ശമ്പളത്തിൽ നിന്നും മിച്ചം പിടിച്ച്‌ വാങ്ങിയ ആ താലി ചരട്‌ അവളുടെ മുന്നിലേക്ക്‌ എറിഞ്ഞ്‌ കൊടുക്കുകയും വേണം എന്ന് കരുതിയാണു കോളിംഗ്‌ ബെല്ല് അടിച്ചത്‌

എന്നെ കണ്ടയുടനെ, അവളുടെ അമ്മ അകത്തേക്ക്‌ ക്ഷണിച്ച്‌ ഇരുത്തിയെങ്കിലും, എന്നെ കാണാനോ , വിളിക്കാനോ പാടില്ല എന്ന് ഞാൻ പറഞ്ഞതല്ലെന്ന് പറഞ്ഞ്‌ പുറത്തേക്ക്‌ വന്ന അനുന്റെ കോലം കണ്ട്‌ ഞാൻ അന്തം വിട്ട്‌ പോയിരുന്നു.. മുടിയാകെ പാറി പറന്ന്, കരഞ്ഞ്‌ തളർന്ന കണ്ണുകളും കണ്ട്‌….

മോളെ…, എന്താ നിനക്ക്‌ പറ്റിയതെന്ന ചോദ്യത്തിനു , നിറഞ്ഞ കണ്ണുകൾ ഞാൻ കാണാതെ തുടച്ച്‌ , റുമിലേക്ക്‌ കയറി അവൾ കഥകടച്ചപ്പോഴാണു, അവൾക്ക്‌ ക്യാൻസർ ആണ് മോനെ, ലാസ്റ്റ്‌ സ്റ്റേജാണെന്നാ ഡോക്ടർ പറഞ്ഞത്‌, അതാ മനപ്പുർവ്വം മോനിൽ നിന്ന് അവൾ അകലാൻ ശ്രമിച്ചതെന്ന അമ്മയുടെ വിറയാർന്ന വാക്കുകൾ എന്നെ തളർത്തിയിരുന്നു,

പതിയെ വാതിൽ തുറന്ന് അവൾക്കരികിലായി എത്തിയപ്പോഴേക്കും കരഞ്ഞ്‌ തളർന്നിരുന്നു ആ പാവം, തോളിൽ പതിയെ കൈകൾ അമർത്തിയപ്പോഴേക്കും, ചേട്ടായിന്നു വിളിച്ചു എന്റെ നെഞ്ചിലേക്ക് വീണിരുന്നു അവൾ . പോക്കറ്റിൽ നിന്ന് ആ താലിയെടുത്ത്‌ അവളുടെ കഴുത്തിൽ കെട്ടുമ്പോൾ അമ്പരപ്പോടെ എന്റെ മുഖത്തേക്ക്‌ നോക്കുന്നുണ്ടായിരുന്നു അവൾ.. പൊഴിഞ്ഞ്‌ തുടങ്ങിയ അവളുടെ മുടിയിഴകളിൽ തലോടി, ഞാൻ സത്യം ചെയ്തതല്ലെ മോളെ നിന്നെയും കൊണ്ടെ പോകു എന്ന് പറഞ്ഞപ്പോഴേക്കും നിർത്താതെ പെയ്യുന്നുണ്ടായിരുന്നു ഞങ്ങളുടെ നാലു കണ്ണുകളും……

LEAVE A REPLY

Please enter your comment!
Please enter your name here