നടന് മോഹന്‍ലാലിനെതിരെ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ബോഡി ഷെയിമിംഗ് കമന്റുകൾക്കെതിരെ വിമർശനവുമായി നടൻ ഹരീഷ് പേരടി രംഗത്ത്.മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലെ ലൊക്കേഷനില്‍ മോഹന്‍ലാല്‍ ഒരു കസേരയില്‍ ഇരിക്കുന്ന ചിത്രത്തെയാണ് തടി കൂടുതല്‍ ആണെന്ന് കാട്ടി കുറച്ചുപേര്‍ സോഷ്യല്‍ മീഡിയയിലൂടെ ട്രോളുകളും കളിയാക്കലും ആയി എത്തിയത്.
ഫേസ്ബുക്കിലൂടെയാണ് ഹരീഷ് പേരടി വിമർശനവുമായി രംഗത്തെത്തിയത്. മോഹന്‍ലാലിന്റെ അഭിനയത്തെക്കുറിച്ചും ബോഡി ഷെയ്മിംഗിനെക്കുറിച്ചുമുള്ളതാണ് ഹരീഷ് പേരടിയുടെ കുറിപ്പ്.ആയോധനകലയിലെ പുലികളായ ഒരു പാട് ശരീരഭാരമുള്ള കളരിഗുരക്കൻമാരെ കണ്ട വടക്കൻകളരിയുടെ നാട്ടിൽ നിന്ന് വരുന്ന എനിക്ക് ഈ ബോഡി ഷെയിമിംങ്ങിനെ അറിവില്ലായ്മയായി മാത്രമെ കാണാൻ പറ്റുകയുള്ളു… ലാലേട്ടാ വിണ്ടും ഒരു ലാൽ സലാം,ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.
ഈ മനുഷ്യനെ ബോഡി ഷെയിമിംങ്ങ് നടത്തിയവരോടാണ് ഞാൻ സംസാരിക്കുന്നത് … ഞാൻ കുഞ്ഞാലി മരക്കാറുടെ മലയാളവും തമിഴും ഡബ്ബിംഗ് പൂർത്തിയാക്കി … ഞാനും ഈ മഹാനടനും തമ്മിൽ അതിവൈകാരികമായ ഒരു സീനുണ്ട്… അതിൽ തന്റെ മുഖത്തിന്റെ ഒരു ഭാഗം മാത്രം തന്ന് ഈ മനുഷ്യന്റെ ഒരു അഭിനയ മുഹുർത്തമുണ്ട്… അതിൽ കുഞ്ഞാലിയുടെ ഹൃദയമായിരുന്നു അവിടെ മുഴുവൻ പ്രകാശിച്ചത്…. നിരവധി തവണ ആവർത്തിച്ച കണ്ടിട്ടും കുഞ്ഞാലിയുടെ മനസ്സ് കവരാനുള്ള ഈ അഭിനയ തസ്ക്കരന്റെ വിദ്യ എന്താണെന്ന് ഒരു അഭിനയ വിദ്യാർത്ഥി എന്ന നിലക്ക് ഞാനിപ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് … ആയോധനകലയിലെ പുലികളായ ഒരു പാട് ശരീരഭാരമുള്ള കളരിഗുരക്കൻമാരെ കണ്ട വടക്കൻകളരിയുടെ നാട്ടിൽ നിന്ന് വരുന്ന എനിക്ക് ഈ ബോഡി ഷെയിമിംങ്ങിനെ അറിവില്ലായ്മയായി മാത്രമെ കാണാൻ പറ്റുകയുള്ളു… ലാലേട്ടാ വിണ്ടും ഒരു ലാൽ സലാം…