ഡേവിഡേട്ടാ… രണ്ട് ചിൽട് ബിയർ ! മോഹൻലാലിന്റെ ഇട്ടിമാണി മെയിഡ് ഇൻ ചൈന റിവ്യു !

0
73

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് നവാഗതരായ ജിബിയും ജോജുവും ചേർന്ന് സംവിധാനം നിർവഹിച്ച ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന. സത്യത്തിൽ ട്രൈലറും പ്രതീക്ഷക്കു പകരം തന്നത് നിരാശ മാത്രമായിരുന്നു. ഓണം റിലീസുകളിൽ ഏറ്റവും പ്രതീക്ഷ കുറഞ്ഞതു തൃശ്ശൂർക്കാരൻ ഇട്ടിമാണിക്ക് തന്നെ.

ടൈറ്റിൽ പറയുന്ന പോലെ ചൈനയിൽ ജനിച്ച് കുന്നംകുളത്ത് ജീവിക്കുന്ന ഇട്ടിമാണിയുടെ കഥയാണ് പറയുന്നത്. വെറും ഇട്ടിമാണിയല്ല, മാണിക്കുന്നേൽ ഇട്ടിമാത്തൻ മകൻ ഇട്ടിമാണി. ഇട്ടിമാണിക്ക് എല്ലാത്തിനും കമ്മീഷൻ വേണം, ഇട്ടിമാണിക്ക് ഒരു കാറ്ററിംഗ് ഏജൻസി ഉണ്ട്, അല്ലറച്ചില്ലറ ഡ്യൂപ്ലിക്കേറ്റ് സാധനങ്ങളുടെ ഇടപാടും ഉണ്ട്. മൊത്തത്തിൽ പറഞ്ഞാൽ ആളത്ര വെടിപ്പല്ല. എങ്കിലും അമ്മ തെയ്യാമ്മയെ ഇട്ടിമാണിക്ക് ജീവനാണ്. അവർ തമ്മിലുള്ള കോംപിനേഷൻസ് കണ്ടിരിക്കാൻ നല്ല രസമാണ്. ആദ്യ പകുതി നല്ല രീതിയിൽ ചിരിപ്പിച്ച് ഒരു ഇന്റർവൽ ട്വിസ്റ്റോടുകൂടി അവസാനിക്കുന്നു. രണ്ടാം പകുതിയും ചിരിപ്പിക്കുന്നുണ്ടെങ്കിലും കുറച്ചു കൂടി സീരിയസ് ആണ് രണ്ടാം പകുതി. അങ്ങനെ നല്ലൊരു സോഷ്യൽ മെസ്സേജോടുകൂടി ഇട്ടിമാണി അവസാനിക്കുന്നു.

ചിത്രത്തിൽ ഡബിൾ റോളിൽ ആണ് ലാലേട്ടൻ എത്തുന്നത്. ഇട്ടിമാത്തനും ഇട്ടിമാണിയും ലാലേട്ടൻ തന്നെ. ഇട്ടിമാത്തൻ ഒരു പാട്ടിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും നന്നായിരുന്നു. ഇട്ടിമാണിയായി ലാലേട്ടന്റെ ഒരു അഴിഞ്ഞാട്ടമായിരുന്നു. ഓപ്പോസിറ്റ് ആരു വന്നാലും അവരുമായി ഒരു ‘fun chemistry’ ഉണ്ടാക്കുന്നതിൽ ഒരു വിന്റേജ് ലാലേട്ടനെ പ്രകടമായി കാണാമായിരുന്നു. ലളിതാമ്മയോടൊപ്പവും സിദ്ദീഖിനോടൊപ്പവുമുള്ള കോംപിനേഷൻ സീൻസ് അപാരമായിരുന്നു. ഇവരെ കൂടാതെ സലീം കുമാർ, ധർമ്മജൻ, രാധിക ശരത്കുമാർ തുടങ്ങി എല്ലാവരും അവരവരുടെ കഥാപാത്രങ്ങൾ മനോഹരമാക്കി.

ആദ്യം കാണിക്കുന്ന ചെറിയ ചൈന പോർഷൻസ് ഒഴിവാക്കാമായിരുന്നു എന്ന് തോന്നി.പക്ഷെ വിഷ്വലി പടത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട പോർഷൻസും അതുതന്നെ. രണ്ടാം പകുതി ഇടക്ക് എവിടെയോ ഒരു സീരിയൽ ടച്ചിലേക്ക് എത്തുന്നുണ്ട് എങ്കിലും അത് തിരിച്ചുപിടിക്കാൻ സംവിധായകർക്കായിട്ടുണ്ട്. മൊത്തത്തിൽ ചിരിക്കാനുള്ള എല്ലാ വകയും ഉള്ള നല്ലൊരു സിനിമയാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന. പ്രതീക്ഷയില്ലാതെ പോയാൽ നന്നായി ആസ്വദിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here