ന്റെ കുഞ്ഞാറ്റ രാത്രിയായാൽ കരച്ചിൽ ലേശം കൂടുതലാണ്. ചൂടേറ്റ് കിടന്നാലും കരച്ചിൽ മാറണമെങ്കിൽ ഓൾക്ക് അമ്മിഞ്ഞ നുകരണം.

0
150

ഞ്ഞം ഞ്ഞം ചപ്പിക്കുടിക്കുമ്പോൾ കൈ വിരലുകൾ മുഖത്തും മൂക്കിലും വായിലുമൊക്കെ പരതിക്കൊണ്ടിരിക്കണം..
ന്റെ ഉറക്ക് മുഴുവൻ കളഞ് പെണ്ണ് പകൽ മുഴുവൻ സുഖായിട്ടുറങ്ങും.
വലുതായിട്ട് വേണം അവളെ കാവൽ നിർത്തി എനിക്കൊന്ന് സുഖായിട്ടുറങ്ങാൻ..

മെല്ലെ മുലഞെട്ട് പല്ലില്ലാത്ത കുഞ്ഞുതൊണ്ണിൽ നിന്ന് അടർത്തിയെടുക്കുമ്പോ ഉണരാതിരിക്കാൻ നന്നായി ശ്രദ്ധിച്ചു. അപ്പോഴും ചുണ്ടുകളിലെ താളം വിട്ടിട്ടുണ്ടായിരുന്നില്ല.
ഇനി രാവിലെ വരെ
ന്റെ പൊന്നുമോളുണരല്ലേന്നും പറഞ്ഞ് കാതിൽ തസ്ബീഹും ചൊല്ലി ചേർന്ന് കിടന്നു..

പള്ളിയിൽ നിന്നുള്ള സുബഹി ബാങ്കൊലിയും അത് കഴിഞ്ഞ് പൂവന്റെ സുപ്രഭാതം കൂവലും ഒന്നും എന്റെ ചെവികളിലെത്തിയില്ല.
സൂര്യൻ കണ്ണുകളെ ഉണർത്തിയതുമില്ല..

അല്ലാഹ് ന്റെ കുഞ്ഞാറ്റയുടെ കരച്ചിലാണല്ലോ കേൾക്കുന്നത്
ഓടി ചെന്നെടുക്കാൻ നോക്കി.
കഴിയുന്നില്ല..
ന്റെ കുട്ടി കൈകാലിട്ടടിച്ച് കരഞ്ഞ് തളർന്നിരിക്കുന്നു.

അപ്പോയേക്ക് എന്നെയാരോ പിടിച്ച് കട്ടിലിൽ കിടത്തിയിരുന്നു. വെള്ള തുണികൊണ്ട് എന്റെ മേലാകെ പുതച്ചിരുന്നു.
അയൽവാസികളും ബന്ധുക്കളും ചുറ്റിലുമുണ്ടായിരുന്നു..
കുന്തിരികത്തിന്റെ ഗന്ധം എന്റെ മൂക്കിലേക്കടിച്ച് കയറുന്നു.
എനിക്കൊട്ടും ഇഷ്ടമില്ലാത്ത ഇതരാ ഇവിടെ കത്തിച്ചെതെന്ന് ചോദിക്കാനായി നാവ് പൊങ്ങുന്നില്ലല്ലോ..

മൂത്തുമ്മായുടെ മടിയിൽ തളർന്നുറങ്ങുന്ന കുഞ്ഞാറ്റയുടെ കൈകൾ മാറിടം തപ്പുന്നത് ഞാൻ മാത്രമാണോ കാണുന്നത്.
അവൾക്ക് വേണ്ടി ചുരത്താനായി നിറഞ്ഞ് നിൽക്കുന്ന ഈ അമൃതൊന്ന് കൊടുക്കാൻ പോലും പറ്റുന്നില്ലല്ലോ..

ഒരു തുള്ളി കണ്ണുനീർ പോലും എനിക്ക് വരാത്തതെന്താ..

എന്നെയും കുഞ്ഞാറ്റയെയും മാറിമാറി
നോക്കി അവരൊക്കെ എന്തിനാ കണ്ണീരൊഴുക്കുന്നതെന്ന് മനസിലാവുന്നില്ലല്ലോ..

പുറത്ത് ആരൊക്കെയോ താങ്ങി പിടിച്ച് കൊണ്ടുവരുന്ന മയ്യിത്ത് കട്ടിലിലേക്കാണെന്റെ കണ്ണ് ചെന്നെത്തിയത്.
അതെന്നെ കൊണ്ടുപോവാനാണോ വരുന്നത്..

മദ്രസ വിട്ട് വരുമ്പോൾ പള്ളിക്ക്‌ പുറത്ത് തൂക്കിയിട്ടിരുന്ന ആ മയ്യിത്ത് കട്ടിൽ നോക്കാതെ പേടിച്ച് മാറി നടന്ന അതിപ്പോൾ എന്നെ നോക്കിയാണല്ലോ ചിരിക്കുന്നത്..

കുളിപ്പിച്ച് കഫൻപുടവയിൽ പൊതിഞ്ഞ് എന്നെയും കൊണ്ട് പള്ളിക്കാട്ടിലേക്ക് പോകുമ്പോഴും എന്റെ മനസ്സ് അവളിലായിരുന്നു..
ന്റെ കുഞ്ഞാറ്റയെവിടെ ഒറ്റക്കാണല്ലോ റബ്ബേ,

“എനിക്ക് പാല് കൊടുക്കണം അവളുറങ്ങില്ല ഞാനില്ലാതെ..
അവൾക്കും അവളുടെ ഉമ്മയെ കാണണ്ടേ..
എന്റെ ചൂട് പറ്റി കിടക്കണ്ടേ..
അമ്മിഞ്ഞപ്പാൽ കുടിക്കണ്ടേ..
അവൾക്കത് പറയാനറിയാഞ്ഞിട്ടല്ലേ..
പിഞ്ചു പൈതലല്ലേ ന്റെ കുഞ്ഞാറ്റ..”
നെഞ്ച് പൊട്ടി ഞാനുറക്കെ പറയുന്നതാരും കേൾക്കാത്തതെന്താ..

മണ്ണിട്ട് മൂടി മീസാൻ കല്ലും പാകി എനിക്ക് കൂട്ടായി ഒരു മൈലാഞ്ചി ചെടിയും നട്ട് എല്ലാവരും എന്നെ വിട്ട് പോയപ്പോഴാണ് ഇനി ഞാനീ ഭൂമിയിൽ ഇല്ലെന്ന സത്യം ഞാൻ തിരിച്ചറിഞ്ഞത്..
അപ്പോഴും കുഞ്ഞാറ്റയുടെ കരച്ചിൽ മാത്രം എന്റെ കാതുകളിൽ മുഴങ്ങുന്നുണ്ടായിരുന്നു..

പാവം ന്റെ കുട്ടി.. ക്ഷമിക്ക് മോളേ…
ഈ ഉമ്മാന്റെ സ്നേഹം കിട്ടാൻ നിനക്ക് വിധിയില്ല പൊന്നുമോളെ..
ഉമ്മച്ചി സ്വർഗത്തിൽ നിനക്ക് വേണ്ടി കാത്തിരിക്കാം..


ഉമ്മയുടെ സ്നേഹം കിട്ടി കൊതി തീരുന്നതിനു മുമ്പ്, പൊന്നുമ്മയുടെ അമ്മിഞ്ഞയുടെ മധുരം ആവോളം നുകരുന്നതിന് മുമ്പ്,,
ആ മടിത്തട്ടിൽ കിടന്നു താരാട്ട് കേട്ട്
ലാളിച്ച് കൊതി തീരുന്നതിനു മുന്നേ ഉമ്മയെ അടർത്തിമാറ്റപ്പെടുന്ന കുഞ്ഞുങ്ങൾ എന്നും തീരാത്തൊരു നോവാണ്..
അങ്ങനെയൊരവസ്ഥ ആർക്കും വരുത്താതിരിക്കട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here