എന്നെ നിങ്ങള്‍ തൊടരുത്, ഇപ്പോള്‍ ഞാനൊരു സെലിബ്രിറ്റി; സെല്‍ഫി എടുക്കാനെത്തിയ ആരാധികയെ ശകാരിച്ച്‌ രാണു മൊണ്ഡാല്‍

0
26

തനിക്കൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധികയെ ശകാരിച്ച്‌ രാണു മൊണ്ഡാല്‍. ‘എന്നെ തൊടരുത്, ഞാനിപ്പോള്‍ സെലിബ്രിറ്റിയാണ്’ എന്നു പറഞ്ഞു കൊണ്ട് ആരാധികയെ ശകാരിക്കുന്ന രാണുവിനെ ദൃശ്യങ്ങളില്‍ കാണാം. നിരവധി ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ പങ്കു വെച്ചിട്ടുണ്ട്.

ആള്‍തിരക്കുള്ള ഒരു കടയില്‍ വെച്ചാണ് ഈ സംഭവം ഉണ്ടായത്. ചുരുങ്ങിയ സമയം കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ പ്രചരിച്ച വീഡിയോയ്ക്ക് പിന്നാലെ നിരവധി പേരാണ് വിമര്‍ശനങ്ങളുമായെത്തിയത്.

ഉപജീവനത്തിനായി റെയില്‍വേ സ്റ്റേഷനില്‍ ഇരുന്ന് പാട്ടു പാടിയ രാണു മണ്ഡലിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ സംഗീത സംവിധായകന്‍ ഹിമേഷ് രേഷ്മിയ ‘ഹാപ്പി ഹര്‍ദി ആന്‍ഡ് ഹീര്‍’ എന്ന ചിത്രത്തില്‍ പാടാന്‍ അവര്‍ക്ക് അവസരം കൊടുത്തിരുന്നു. സോഷ്യല്‍മീഡിയയിലൂടെ വൈറലായതിന് പിന്നാലെ നിരവധി പരിപാടികളില്‍ ഗസ്റ്റ് ആയും ഇവരെത്തി. സെലിബ്രിറ്റിയായെന്ന പേരില്‍ രാണു മൊണ്ഡാലിന്റെ ഈ പെരുമാറ്റം തെറ്റായിപ്പോയെന്നാണ് സോഷ്യല്‍മീഡിയയുടെ വിമര്‍ശനം.

റാണു പ്രശസ്തയായതിന് പിന്നാലെ ഉപേക്ഷിച്ച് പോയ മകളും തിരികെ എത്തിയിരുന്നു. എന്നാല്‍ മകള്‍ക്കെതിരെ വന്‍ രോക്ഷമായിരുന്നു ഉയര്‍ന്നത്. ഒന്നും ഇല്ലാതിരുന്നപ്പോള്‍ ഇട്ടിട്ട് പോയ മകള്‍ റാണുവിന് സൗഭാഗ്യം വന്നപ്പോള്‍ തിരികെ എത്തിയെന്നായിരുന്നു പലരും പറഞ്ഞത്.

ഇതിനെതിരെ റാണുവിന്റെ മകള്‍ എലിസബത്ത് രംഗത്തെത്തിയിരുന്നു. ‘ആളുകളൊക്കെ ഇപ്പോള്‍ എനിക്ക് എതിരാണ്. റെയില്‍വേ സ്‌റ്റേഷനില്‍ ഇരുന്ന് അമ്മ പാടുന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. എനിക്ക് അമ്മയെ നിത്യവും സന്ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കൊല്‍ക്കത്തയ്ക്ക് അടുത്ത് ധര്‍മതലയില്‍ പോയപ്പോള്‍ അമ്മ ഒരു ബസ് സ്റ്റാന്റില്‍ യാതൊരു ലക്ഷ്യവും ഇല്ലാതെ ഇരിക്കുന്നത് കണ്ടിരുന്നു. അന്ന് ഞാന്‍ 200 രൂപ നല്‍കി വീട്ടില്‍ പോകാന്‍ ആവശ്യപ്പെടുകയാണ് ഉണ്ടായത്. ഞാന്‍ കഴിയുമ്പോഴെല്ലാം അമ്മയ്ക്കുവേണ്ടി അമ്മാവന്റെ അക്കൗണ്ടിലേയ്ക്ക് 500 രൂപ അയച്ചു കൊടുക്കാറുണ്ട്.’

ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയാണ് ഞാന്‍. ഒരു ചെറിയ കട നടത്തിയാണ് ജീവിതം നയിക്കുന്നത്. ഒരു മകനുണ്ട്. കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. എന്നിട്ടും ഞാന്‍ അമ്മയെ നോക്കാറുണ്ട്. വിവാഹം കഴിഞ്ഞപ്പോള്‍ കൂട്ടുകുടുംബത്തിലായിരുന്നു താമസം. അപ്പോള്‍ അമ്മയെ ഒപ്പം താമസിപ്പിക്കാന്‍ കഴിയുന്ന സാഹചര്യമായിരുന്നില്ല. പിന്നീട് തനിച്ചായപ്പോള്‍ അമ്മയെ കൂടെക്കൂട്ടാന്‍ ശ്രമിച്ചതാണ്. പക്ഷേ അമ്മ സമ്മതിച്ചില്ല. ഇതൊന്നും അറിയാത്ത ആളുകളാണ് ഇപ്പോള്‍ തന്നെ കുറ്റപ്പെടുത്തുന്നത്. ഞാന്‍ ഇനി എവിടെപ്പോകുമെന്നും എലിസബത്ത് പറഞ്ഞു.

അമ്മയെ ഇപ്പോള്‍ പരിചരിക്കുന്ന അമ്ര ശോഭൈ ഷൊയ്താന്‍ ക്ലബിലെ ഭാരവാഹികള്‍ എന്നെ ഭീഷണിപ്പെടുത്തുകയാണ്. അമ്മയെ കാണാന്‍ അവര്‍ അനുവദിക്കുന്നില്ല. അമ്മയെ കാണാനോ സംസാരിക്കാനോ ശ്രമിച്ചാല്‍ എന്റെ കാല്‍ തല്ലിയൊടിക്കുമെന്നാണ് അവരുടെ ഭീഷണി. അമ്മയോട് ഫോണില്‍ സംസാരിക്കാന്‍ പോലും അവര്‍ അനുവദിക്കുന്നില്ല. ഇപ്പോള്‍ അമ്മയെ എനിക്കെതിരാക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

അമ്മയെ വച്ച് പണമുണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അമ്മയുടെ അക്കൗണ്ടില്‍ നിന്നും 10,000 രൂപ പിന്‍വലിച്ചു കഴിഞ്ഞു. എന്നാല്‍, അമ്മയ്ക്കു വേണ്ടി ഒന്നും വാങ്ങിയതായി കാണുന്നില്ല.

അമ്മയ്ക്ക് ദോഷമുണ്ടാകരുത് എന്നു കരുതിയാണ് ഇപ്പോള്‍ ഞാന്‍ ഒന്നും ചെയ്യാത്തത്. സംഗീതത്തിലുള്ള അവരുടെ ശ്രദ്ധ നഷ്ടപ്പെടരുത്. മാനസികമായി അത്ര കരുത്തയല്ല അവര്‍. അതും പോരാത്തതിന് മാധ്യമങ്ങള്‍ നന്നായി ശല്യം ചെയ്യുന്നുമുണ്ടെന്നും എലിസബത്ത് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here