‘മക്കളില്ലാത്ത ദുഖം ഉണ്ട്, പക്ഷെ ഇനി മക്കള്‍ വേണ്ട;സാജു നവോദയ

0
141

വാളയാറിലെ സഹോദരിമാരുടെ ദാരുണ കൊലപാതകത്തിനെതിരെ പ്രതിഷേധം പുകയുകയാണ്. സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ നിന്നും പലരും കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ പ്രതിഷേധക്കൂട്ടായ്മയില്‍ വികാരാധീനനായിരിക്കുകയാണ് നടന്‍ സാജു നവോദയ. പ്രതിഷേധത്തിന്റെ ഭാഗമായി സിനിമാപ്രവര്‍ത്തകരായ ഒരുകൂട്ടം യുവാക്കള്‍ നടത്തിയ തെരുവ് നാടകത്തിന് ശേഷമാണ് താരം ദുഖിതനായത്. അതേസമയം വാളയാര്‍ സംഭവത്തിലെ പ്രതികളെ വെറുതെ വിട്ട നടപടിയില്‍ പ്രതിഷേധിച്ച്‌ നിരവധി സിനിമാ താരങ്ങള്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

പതിനഞ്ച് വര്‍ഷത്തോളമായി കുട്ടികള്‍ ഇല്ലാത്തതിനാല്‍ ഏറെ ദുഖിതരാണ് താനും ഭാര്യയും. എന്നാല്‍ ഇനി എനിക്ക് മക്കള്‍ വേണ്ട…അത്രയ്ക്കും വിഷമമുണ്ട്. നാട്ടില്‍ നടക്കുന്ന സംഭവങ്ങള്‍ കാണുമ്ബോള്‍ ഇപ്പോള്‍ ഭയമാകുന്നു എന്നായിരുന്നു സാജു പ്രതികരിച്ചത്. താന്‍ ഒരു പാര്‍ട്ടിക്കും എതിരല്ല എന്നും കുട്ടികള്‍ക്ക് നീതി ലഭിക്കുക എന്നു മാത്രമാണ് ഇപ്പോള്‍ കേരളം ചിന്തിക്കേണ്ടത് എന്നും സാജു നിറക്കണ്ണുകളോടെ പറഞ്ഞു. വാളയാര്‍ സംഭവം ഒറ്റപ്പെട്ട ഒരു സംഭവമല്ല, പൊതു ജനങ്ങള്‍ അറിയാത്ത എത്രയോ പീഡനങ്ങള്‍, കൊലപാതകങ്ങള്‍ കേരളത്തില്‍ നടക്കുന്നു. ഇതൊക്കെ ചെയ്തവരോ ഒരു ആറുമാസം കഴിയുമ്ബോള്‍ വീണ്ടും പുറത്തിറങ്ങും. വീണ്ടും പിഞ്ചുകുട്ടികളുടെ നേരെയായിരിക്കും പെരുമാറുക എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കേസില്‍ ഗുരുതരവീഴ്ചയുണ്ടായെന്ന് ദേശീയ പട്ടികജാതി-പട്ടികവര്‍ഗ കമ്മിഷന്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ചീഫ് സെക്രട്ടറിയെയും ഡി.ജി.പിയെയും ഡല്‍ഹിയിലെ ആസ്ഥാനത്ത് വിളിച്ചുവരുത്തി വിശദീകരണം തേടും. പൊലീസും പ്രോസിക്യൂഷനും കേസ് കൈകാര്യം ചെയ്തതു ലാഘവത്തോടെയാണെന്നും കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ എല്‍.മുരുകന്‍ പറഞ്ഞിരുന്നു.പ്രതിഷേധം ശക്തമായതോടെ വാളയാര്‍ ഉള്‍പ്പെടെ നിരവധി പോക്സോ കേസുകളിലെ പ്രതികള്‍ക്കു വേണ്ടി ഹാജരായ പാലക്കാട് ശിശുക്ഷേമസമിതി ചെയര്‍മാനെ തല്‍സ്ഥാനത്തു നിന്ന് നീക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here