“കറുത്തവരെ അവനു ഇഷ്ടമല്ല” ത്രേ ! ആ മറുപടി സയനോരയുടെ ഹൃദയം പൊള്ളിച്ചു !

0
189

“ഒരു പരിപാടിയിൽ പങ്കെടുത്തപ്പോൾ സയനോര അവിടെ ഒരു മിടുക്കൻ ആൺകുട്ടിയെ കണ്ടു. മൂന്നോ നാലോ വയസുള്ള ഒരു കുസൃതിക്കുരുന്ന്. അവൻ അവിടെയൊക്കെ ഓടിക്കളിച്ച്, എല്ലാവരോടും വർത്തമാനം പറഞ്ഞ്, രസിച്ച് തിമിർക്കുകയാണ്. പക്ഷേ സയനോര അടുത്തു ചെന്നതും അവൻ അനിഷ്ടത്തോടെ മുഖം തിരിച്ചു. ആകെ അസ്വസ്ഥനായി. സയനോരയുടെ ചോദ്യങ്ങൾക്ക് നിഷേധാർത്ഥത്തിൽ തല വെട്ടിച്ച്, അമ്മയെ വിളിച്ച് കരയാനും തുടങ്ങി. പരിഭ്രമിച്ചു പോയ സയനോര എന്താ കുഞ്ഞിങ്ങനെ എന്നു തിരക്കിയപ്പോൾ അവന്റെ അമ്മ പറഞ്ഞ മറുപടി ഞെട്ടിക്കുന്നതും അപ്രതീക്ഷിതവുമായിരുന്നു. ‘കറുത്തവരെ അവന് ഇഷ്ടമല്ല’ത്രേ. ആ മറുപടി സയനോരയുടെ ഹൃദയം പൊള്ളിച്ചു. കുട്ടിക്കാലം മുതൽ താൻ നേരിടുന്ന അപമാനത്തിന്റെ തുടർച്ച അവരിൽ ഒരിക്കലും ഉണങ്ങാത്ത മറ്റൊരു മുറിവായി.”

Sayanora Philip

“സ്കൂളിൽ പഠിക്കുന്ന കാലത്തെ ഒരു സംഭവം പറയാം. നൃത്തം അന്നും ഇന്നും എനിക്കു ഹരമാണ്. കലോത്സവത്തിനുള്ള സംഘനൃത്തം ടീമിൽ മാഷ് എന്നെയും ഉൾപ്പെടുത്തിരുന്നു. പക്ഷേ, പിറ്റേന്ന് ചെന്നപ്പോൾ ലിസ്റ്റിൽ പേരില്ല. ചോദിച്ചപ്പോൾ പരിപാടിയുടെ ഓർഗനൈസറായ ടീച്ചർ മാറ്റി നിർത്തി പറഞ്ഞത്, ‘ദേ അവരെ കണ്ടോ, അവരൊക്കെ നല്ല വെളുത്ത കുട്ടികളല്ലേ, സയനോരയെ എത്ര മേക്കപ്പ് ചെയ്താലും അത്രയും ആവൂല്ല. സ്കൂളിന്റെ പോയിന്റല്ലേ പ്രധാനം’ എന്നാണ്. അതെന്നെ വളരെയധികം വേദനിപ്പിച്ചു.”

Sayanora Philip

(സയനോര-Vanitha Online)

പ്രിയ സയനോര,
ഞാൻ കണ്ടതിൽ വെച്ചേറ്റവും സുന്ദരിയായ സ്ത്രീകളിൽ ഒരാൾ നിങ്ങളാണ്.
അതി മനോഹരമായ നിങ്ങളുടെ
പാട്ടുകൾ പോലെ തന്നെയാണ് നിങ്ങളെ കാണുവാനും.

നിങ്ങൾ വനിതയിലെഴുതിയ അനുഭവങ്ങൾ ഏറെ സത്യസന്ധവും വേദനാജനകവുമാണ്.
നിങ്ങൾ പറയുന്നത് തിരിച്ചറിയാനുള്ള പക്വത നമ്മുടെ സമൂഹം ഇനിയും നേടിയിട്ടില്ല.

കറുപ്പിന് ഏഴഴകാണെന്നു വാഴ്ത്തുകയും മറ്റു തൊണ്ണൂറ്റി മൂന്നഴകും വെളുപ്പിനാണെന്നു നിശബ്ദമായി പറയുകയും ചെയ്യുന്ന കാപട്യമാണ് നമ്മുടെ സമൂഹം.

നിങ്ങളുടെ അഭിമുഖം പുറത്തുവന്ന
ഒരു വനിതാ പ്രസിദ്ധീകരണത്തിന്റെ ഓണപതിപ്പിന്റെ മുഖചിത്രത്തിൽ പോലും ഒരു കറുത്ത പെൺകുട്ടിയെ അവതരിപ്പിക്കാൻ ധൈര്യം കാണിക്കാത്തവരാണ് അവർ.
ടോവിനോയോടൊപ്പം ചേർന്ന് നിന്ന ഏഴു പെൺകുട്ടികളും വെളുത്ത പെൺകുട്ടികളായിരിക്കണമെന്നു തീരുമാനിച്ചുറപ്പിച്ച ‘വനിത’ തന്നെ നിങ്ങളുടെ വേദനകൾ പങ്കുവെക്കുമ്പോൾ നമ്മുടെ സമൂഹത്തിന്റെ കാപട്യത്തിന്
മറ്റു ഉദാഹരണങ്ങൾ വേറെ വേണ്ടല്ലോ..

Sayanora Philip

LEAVE A REPLY

Please enter your comment!
Please enter your name here