എടക്കാട് ബറ്റാലിയൻ 06 ന്റെ ഷൂട്ടിങിനിടയിൽ ടോവിനോയ്ക്ക് അപകടം !

0
198

എടക്കാട് ബറ്റാലിയൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ ടൊവിനോ തോമസിന് പൊള്ളലേറ്റു. ചിത്രത്തിന്റെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം നടന്നത്. പരുക്കേറ്റ ടൊവിനോയ്ക്ക് ഉടൻ വൈദ്യസഹായം എത്തിച്ചു. ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും നിസ്സാരമായപരുക്കുകളാണ് താരത്തിന്റേതെന്നും അണിയറപ്രവർത്തകർ അറിയിച്ചു.‌‌‌

നാല് വശത്തും തീ ഉപയോഗിച്ച് ചിത്രീകരിക്കുന്നൊരു രംഗമായിരുന്നു. ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകൻ നിർബന്ധം പിടിച്ചെങ്കിലും അത് വേണ്ടെന്ന് ടൊവിനോ തീരുമാനിക്കുകയായിരുന്നു. ഷോട്ട് എടുത്ത് സംവിധായകൻ കട്ട് പറഞ്ഞെങ്കിലും രംഗം പൂർത്തിയാകാൻ കഴിയാഞ്ഞതിനാൽ ടൊവിനോ വീണ്ടും അഭിനയിക്കുകയായിരുന്നു. സംഘട്ടനരംഗം മുഴുവൻ ചെയ്തു തീർത്തതിനു ശേഷമാണ് ടൊവിനോ പിൻവാങ്ങിയത്.

നവാഗതനായ സ്വപ്‌നേഷ് കെ. നായർ ചിത്രം സംവിധാനം ചെയ്യുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയൻ 06. തീവണ്ടിക്ക് ശേഷം ടൊവിനോ തോമസും സംയുക്താ മേനോനും ജോടികളായി എത്തുന്നു. നടനും സംവിധായകനുമായ പി.ബാലചന്ദ്രന്റേതാണ് തിരക്കഥ.

റൂബി ഫിലിംസ് ആൻഡ്‌ കാർണിവൽ മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മൻ, എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. ഹരി നാരായണന്റെ ഗാനങ്ങൾക്ക് കൈലാസ് മേനോൻ ഈണം പകരുന്നു. സീനു സിദ്ധാർഥാണ് ഛായാഗ്രഹണം.

LEAVE A REPLY

Please enter your comment!
Please enter your name here