ഇത്താത്ത പുര നിറഞ്ഞ്‌ നിൽക്കുകയാണെന്ന് കുടുംബക്കാരെകൊണ്ട്‌ പറഞ്ഞു കേൾക്കാൻ തുടങ്ങിയിട്ട്‌ കുറേ കാലമായി..

0
12

മുപ്പത് വയസ്സായത്രെ..
“ഇത്ര പ്രായ്മുള്ള ഒരുത്തിയെ ആരു വന്ന് കെട്ടനാ “
എളാമ്മയും മൂത്താപ്പയുമെല്ലാം പലതവണ പറയുന്നത്‌ ഞാൻ കേട്ടിട്ടുണ്ട്‌..
എന്റെ ഇത്ത പാവമ..എനിക്കറിയാവുന്ന പോലെ ആർക്കും അറിയൂല..എന്തിനാ എല്ലാരും കൂടി എന്റെ ഇത്തത്തയെ കുറ്റം പറ്യണേ എന്ന് എപ്പോഴും ചിന്തിക്കും..

ഉപ്പച്ചി മരിച്ചപ്പോ എനിക്കന്ന് പത്ത്‌ വയ്സ്സാ..ഇത്തത്തന്റെ കോളേജിലെ പോക്ക്‌ അന്നത്തോടെ നിന്നു..നന്നായി പടിക്കും..എല്ലാ വരുമാനങ്ങളും നിന്നപ്പോ ടൗണിലുള്ള കമ്പ്യൂട്ടർ സെന്ററിൽ ജോലിക്ക്‌ പോയി..
ഉമ്മാനേം എന്നേയും നല്ലോണം നോക്കി എന്റെ ഇത്ത..
എല്ലാ ആഗ്രഹങ്ങളും മൂടികെട്ടി വെച്ച്‌ പട്ടിണി മാറ്റാൻ ജോലിക്കിറങ്ങിയ എന്റെ പൊന്നിത്തത്ത എന്റെ എല്ലാമാണു..

ഉമ്മാക്കറിയാം ഇത്തായെ..
മോളെപറ്റി കുടുംബക്കാർ പറയുന്നതിനു അതുകൊണ്ട്‌ തന്നെ ചെവി കൊള്ളാറില്ല..
ഉമ്മയുടെ അസുഖവും കൂടി ആയപ്പോൾ വരുമാനത്തിനായ്‌ ആരുടെയും മുൻപിൽ കൈ നീട്ടാൻ ഗതി വരുത്താതിരിക്കാനാ എന്റെ ഇത്ത ജോലിക്കിറങ്ങിയത്‌..

അല്ലെങ്കികും ഈ പറയുന്നോരൊന്നും അത്യാവശ്യ സമയത്ത്‌ ഞങ്ങളെ തിരിഞ്ഞ്‌ നോക്കിട്ടെ ഇല്ല..എന്നിട്ടാ വീട്ടിൽ വന്ന് ഓരോന്ന് പറയുന്നത്‌..
എനിക്കിപ്പോ പതിനെട്ട്‌ വയസ്സയല്ലോ ഇനി വെറുതെ നിൽക്കുന്നത്‌ മോശമായത്‌ കൊണ്ട്‌ കോളേജ്‌ കഴിഞ്ഞ്‌ വന്ന ശേഷം മജീദ്കയുടെ പച്ചക്കറി കടയിൽ ജോലിക്ക്‌ നിക്കും..
ക്ലാസ്സില്ലാത്ത സമയം മുഴുവൻ ജോലിക്കും..
ഇടക്കിടക്ക്‌ ഞാനിസ്‌ ഇത്തത്തന്റെ അടുത്ത്‌ പോയി ചോദിക്കാടുണ്ട്‌:

“ഇത്താത്താ, ഈ അനിയനിക്ക്‌ ഒരു അളിയനെ തന്നൂടെ “
“അതൊക്കെ വരും മോനെ,എവിടേലും പടച്ചോൻ കണ്ട്‌ വെച്ചു കാണും “
എന്നും പറഞ്ഞ്‌ എന്റെ നെറ്റിയിൽ ഉമ്മ വെക്കും..

“വയസ്സേറിയ പെണ്ണിനെ ആരു കെട്ടാനാ ,വല്ല രണ്ടാം കെട്ടോ പ്രായം കൂടിയതോ ആയ ആൾക്കാരെ നോക്കേണ്ടി വരും..”
കാർണ്ണവർമ്മാരുടെ വർത്തമാനങ്ങൾ കേൾക്കുമ്പോഴേ എനിക്ക്‌ കലി വരും..
“എന്റെ ഇത്താത്തക്ക്‌ ഒരു മൊഞ്ചുള്ള പുതിയപ്ല വരും എനിക്കുറപ്പാ..”
ഞാൻ മനസ്സിൽ പറയും..

അങ്ങനെയിരിക്കെ,
സ്ഥിരമായ്‌ കയറാറുള്ള ബസ്സിലെ കൻഡക്റ്റർ വിവാഹം ചെയ്യാനെന്നും പറഞ്ഞ്‌ വന്നു..
പ്രായമോ ഒന്നും പ്രെശ്നമല്ലത്രെ..സ്ത്രീധനവും വേണ്ട..
നല്ല അദ്ധ്വാനിക്കാൻ മനസ്സുള്ള മനുഷ്യൻ..എനിക്ക്‌ ആദരവ്‌ തോന്നി..
എങ്കിലും ഇറങ്ങുന്ന പെണ്ണിന്റെ കഴുത്തിലും കാതിലും എന്തെങ്കിലും വേണ്ടേ..
അതിന്നു പൈസ തികയണ്ടേ…
ഒന്നുമില്ലാതെ ഇറങ്ങുന്ന മണവാട്ടി ആയി എന്റെ ഇത്തത്ത പോകണ്ട എന്നെനിക്ക്‌ തോന്നി..

കുറ്റം പറഞ്ഞ്‌ വന്ന വീട്ടുകാരും നാട്ടുകാരും സഹായിക്കാനേ വന്നില്ല..
സ്വന്തം അദ്ദ്വാനിച്ച്‌ മിച്ചം വെച്ച്‌ മിച്ചം വെച്ച്‌ കൂടിയ കുറിയിലെ പൈസ കിട്ടിയപ്പോ മനസ്സൺനു തണുത്തു ഉമ്മാന്റേം ഇത്തത്തയുടേയും..
ആദ്യമായാകും പെണ്ണിന്റെ പൊന്നു പെണ്ണു തന്നെ വാങ്ങുന്നത്‌..
കല്യാണ ചിലവ്‌ മുൻപിൽ കണ്ടപ്പോൾ തൊട്ട്‌ രാപകലില്ലാതെ ഞാൻ ജോലിക്ക്‌ പോകാൻ തുടങ്ങി..ഇത്താത്ത എന്നോട്‌ ചൂടായി ഞാൻ മൈന്റ്‌ ചെയ്തില്ല..

അനിയന്റെ വിയർപ്പുകൊണ്ട്‌ ഇത്തത്തക്കൊരു വള ഞാൻ വാങ്ങിച്ചു കൊടുത്തു..
ഇത്തയുടെ മുറിയിൽ കയറി കൈവെള്ളയിൽ വെച്ചു കൊടുത്തപ്പോൾ തേങ്ങി തേങ്ങി കരയുന്നതാ ഞാൻ കണ്ടത്‌..
എനിക്ക സങ്കടം വന്നു എങ്കിലും സമാധാനിപ്പിച്ചു..

മണവാട്ടി പെണ്ണായ്‌ എന്റെ ഇത്താത്ത…
എന്തു ഭംഗിയാ കാണാൻ..പെണ്ണിനു മൊഞ്ച്‌ പൊന്നാണെന്ന് കേട്ടിട്ടുണ്ടെങ്കിലും നാലു വളയും രണ്ടു ചെയിനും ഇട്ടിറങ്ങുന്ന എന്റെ പൊന്നിത്താ നല്ല സുന്ദരി തന്നെ..
അടുത്ത പരിചയക്കാരേയും കുടുംബക്കാരേയും മാത്രം വിളിച്ച്‌ ചെറിയൊരു പരിപാടി..
ഉമ്മാക്ക്‌ ഉള്ളിൽ നല്ല സങ്കടമുണ്ടെന്ന് എനിക്ക്‌ മനസ്സിലായി…
അളിയന്റെ വീട്ടിൽ നിന്നും പെണ്ണുങ്ങൾ വന്നു..

“ഓൾക്ക്‌ മുപ്പതു വയസ്സൊക്കെ ആയീലെ”
എന്ന് കുശുംബ്‌ പറയുന്നവരെ ഞാൻ ദേഷ്യത്തോടെ നോക്കി..
ഫിത്ന പറയുന്നവർ…
അല്ലെങ്കിലും പെണ്ണിനൽപം വയസ്സേറിയാൽ നിന്നു പോകുന്ന കാടൻ മാമൂലുകൾ..

അങ്ങനെ ഇത്താത്തയെ കൊണ്ടുപോകാൻ അവരൊരുങ്ങി..
ഇറങ്ങാൻ നേരം ഞാൻ ഉമ്മയുടെ മുഖത്തേക്കൊന്നു നോക്കി…
സ്വപ്നങ്ങൾ കോർത്ത ജീവിതത്തിൽ സ്വയം ഉരുകി കഷ്ടപ്പെട്ട്‌ ഞങ്ങളെ നോക്കിയ പൊന്നിത്തയെ വിട്ട്‌ പിരിയാൻ ആ മനസ്സിനു കഴിയാത്ത പോലെ..
ഞാനും ഉമ്മയും ഇത്തത്തയും ഒന്നു മാറി നിന്നു ആൾകൂട്ടത്തിനിടയിൽ നിന്നും..

“ന്റെ കുട്ടിക്ക്‌ നല്ലതേ വരൂ..മോൾക്ക്‌ ഈ ഉമ്മാനോടും മോനോടും പിണക്കമൊന്നും ഇല്ലല്ലോ “
“പിണങ്ങേ,എന്തിനാ ഉമ്മ ഇങ്ങനെ പറഞ്ഞ്‌ വിഷമിപ്പിക്കുന്നേ,എനിക്കൊരുപാട്‌ സന്തോഷമേ ഉള്ളൂ,ഈ ഉമ്മന്റെ മോളായി ജനിച്ചില്ലേ ഈ അനിയൻ കുട്ടന്റെ ഇത്തത്തയായ്‌ വളർന്നില്ലേ “

അതുവരെ കടിച്ചു പിടിച്ച ഞാൻ നിയന്ത്രണം വിട്ട്‌ ഇത്തത്തയെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി..
“അയ്യേ പോത്തുപോലെ വലിപ്പം വെച്ചിട്ടും ചെക്കൻ കരയണേ കണ്ടില്ലേ ഉമ്മ “
എന്നും പറഞ്ഞ്‌ എന്നെ നോക്കി ചിരിക്കുന്നു..പക്ഷെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു ഇത്തയുടെ..

പോകുന്നത്‌ മണിമാളികയിടെ സ്വപ്ന ലോകത്തേക്കല്ല,
നമ്മളെ പോലെ തന്നെ പ്രാരാബ്ദങ്ങളൊക്കെ ഉള്ള ഒരു കൊച്ചു കൂരയിലേക്കാ..
എനിക്കുറപ്പാ എന്റെ ഇത്തത്തക്ക്‌ ഒരുപാട്‌ സ്നേഹം അവർ നൽകുമെന്ന്..
അളിയനാകാൻ പോകുന്ന ആ മനുഷ്യനെ ഞാൻ ഉപ്പയോളം സ്ഥാനം നൽകിയ പോലെ തോന്നി…

പുര നിറഞ്ഞവൾ പടിയിറങ്ങി പോയിരിക്കുന്നു..
ഞാനും ഉമ്മയും മാത്രമുള്ള ഈ കൂരയിലേക്ക്‌ കയ്യിൽ നിറയെ സമ്മാനപൊതിയും മധുരവും ആയി വിരുന്നിനു വരുന്ന ആ മൊഞ്ചുള്ള എന്റെ പൊന്നിത്താത്തയെ ഞാൻ വരവേൽക്കാനായ്‌ കാത്തിരിക്കുകയാണിപ്പോൾ..
കാര്യ ഗൗരവമുള്ള ഒരു ആൺകുട്ടിയാണു ഞാനെന്ന് എനിക്ക്‌ തോന്നി കാരണം,
അനിയന്റെ വിയർപ്പിനാൽ പണിത ആ കൊച്ചു വള എങ്കിലും എന്റിത്താക്ക്‌ എന്നും കൂട്ടിനുണ്ടാകുമല്ലോ…
ഈ പൊന്നാനിയനെ ഓർക്കാൻ..

വിവാഹ പ്രായം കഴിഞ്ഞിട്ടും സാഹചര്യങ്ങളാൽ സ്വപ്നങ്ങൾ മൂടിവെച്ച്‌ ജീവിക്കുന്ന ദുനിയാവിലെ ഇതുപോലതെ പെണ്ണിനെ കൊണ്ടുപോകാനൊരു വാതിൽ നാഥൻ നിനച്ചിരിക്കതെ തുറക്കാതിരിക്കില്ല…

LEAVE A REPLY

Please enter your comment!
Please enter your name here