ഉള്ളിലെ നന്മയും, പരിശുദ്ധിയും കാരണമാകാം അദ്ദേഹം പറയുന്ന നർമ്മത്തിലും ആ നിഷ്ക്കളങ്കത കാണാൻ കഴിയുന്നത്.

0
91

വെള്ളിത്തിരയിൽ എന്നെ ചിരിപ്പിച്ചിട്ടുള്ള കലാകാരന്മാരുടെ എണ്ണം എടുത്താൽ ആദ്യ പത്തിൽ വരുന്ന കലാകാരൻ. കൊച്ചിൻ കലാഭവനിൽ വര്‍ക്കിച്ചന്‍ പേട്ടഎന്ന ഒരു ആർട്ടിസ്റ്റ് മറ്റൊരു ജോലി കിട്ടി പോയ ഒഴിവിലേക്ക് വന്ന മിമിക്രി ആർട്ടിസ്റ്റ് ആയിരുന്നു സൈനുദ്ദീൻ. അദ്ദേഹം അന്ന് കളമശേരിയിലെ ഒരു ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. ഉള്ളിലെ നന്മയും, പരിശുദ്ധിയും കാരണമാകാം അദ്ദേഹം പറയുന്ന നർമ്മത്തിലും ആ നിഷ്ക്കളങ്കത കാണാൻ കഴിയുന്നത്.

അദ്ദേഹത്തിന്റെ നാട്ടുകാരനും, സുഹൃത്തും, അഭിനേതാവുമായ കലാഭവൻ ഹനീഫ് ഒരിക്കൽ പറഞ്ഞ സംഭവമാണ്. സൈനുദ്ദീന്റെ വീടിനടുത്ത് ജമാൽ എന്ന ഒരു “ഇലക്ട്രീഷ്യൻ” ഉണ്ടായിരുന്നു പുള്ളിക്കാരൻ നാലഞ്ച് പേര് കൂടി നിൽക്കുന്നതിനിടയിൽ വന്നിട്ട് ഒരു ബൾബും രണ്ട് ബാറ്ററിയും ഒരു കഷ്ണം വയറുമായിട്ട് വന്ന് ആ ബൾബ് കത്തിച്ച് കാണിച്ചിട്ട് കണ്ടോ കത്താത്ത ബൾബ് ആയിരുന്നു ഞാൻ കത്തിച്ചയാണ് എന്ന് പറയുമായിരുന്നു. കുറച്ച് നാളുകൾ കഴിഞ്ഞ് ജമാൽ എന്ന വ്യക്തിയുടെ പിതാവ് മരിച്ച് പോവുകയും ഹനീഫും, സൈനുദ്ദീനും കൂടി ആളിന്റെ വീട്ടിൽ ചെന്നപ്പോൾ ജമാൽ കണ്ടിട്ട് എന്ത് പറ്റിയതാ എന്ന് ചോദിച്ചു. അപ്പോൾ ജമാൽ പറഞ്ഞു വാപ്പ വെളുപ്പിനെ മൂന്ന് മണിയായപ്പോൾ തലകറങ്ങുന്നു എന്ന് പറഞ്ഞു. ഞാൻ പോയി ഡോക്ടറിനെ വിളിച്ചോണ്ട് വന്നപ്പോളേക്കും ഒരു അനക്കവുമില്ല. അപ്പോൾ സൈനുദ്ദീൻ ഇടക്ക് കേറി ചോദിച്ചു എന്താ..? ജമാൽ വീണ്ടും പറഞ്ഞു അല്ല ഒരനക്കവും ഇല്ല. ഇത് കേട്ട ഉടനെ സൈനുദ്ദീൻ ചോദിച്ചു രണ്ട് ബാറ്ററിയും ഒരു ബൾബും വയറിന്റെ കഷ്ണവും വെച്ച് ഒന്നനക്കി നോക്കാമായിരുന്നില്ലെന്ന്. മരണവീട്ടിൽ അതും മരിച്ചയാളുടെ മകനോടാണോ ഇമ്മാതിരി ഡയലോഗ് പറയുന്നതെന്ന് ചോദിച്ച ഹനീഫയോട് സൈനുദ്ദീൻ പറഞ്ഞത് ഈ ഡയലോഗ്(കൗണ്ടർ) ഞാൻ ഇപ്പോൾ ഇവിടെ പറഞ്ഞില്ലെങ്കിൽ ഞാനെവിടെ പറയുമെന്നാണ്.

ഇതേ സൈനുദ്ദീനെ ഓർമിച്ച് രണ്ട് വർഷം മുൻപ് സംവിധായകനും, തിരക്കഥാകൃത്തുമായ രഘുനാഥ് പലേരി എഴുതിയ ഒരു ഓർമ്മകുറിപ്പ് ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് മൈഡിയര്‍ കുട്ടിച്ചാത്തന്റെ ഷൂട്ടിംഗ് നവോദയ സ്റ്റുഡിയോയിൽ നടക്കുമ്പോൾ അദ്ദേഹത്തെ വന്ന് കണ്ട സൈനുദ്ദീന്റെ നിഷ്‌കളങ്കമായ സംസാരത്തിൽ ഇഷ്ടം തോന്നി അദ്ദേഹത്തിന്റെ ആ സിനിമയിലെ ബാർ സീനിൽ ഒരു ജോലിക്കാരന്റെ വേഷം അഭിനയിക്കാനുള്ള അവസരം കൊടുത്തു. പിന്നീട് രഘുനാഥ് പലേരി ആദ്യമായി സംവിധാനം ചെയ്യുന്ന ഒന്ന് മുതൽ പൂജ്യം വരെ എന്ന സിനിമയുടെ പ്രാരംഭസമയത്ത് എന്തെങ്കിലും വേഷം ലഭിക്കും എന്ന പ്രതീക്ഷയിൽ സൈനുദ്ദീൻ വീണ്ടും അദ്ദേഹത്തെ കാണാൻ ചെന്നു. എന്നാൽ സൈനുദ്ദീന് നല്‍കാനാവുന്ന ഒരു വേഷവും തിരക്കഥയില്‍ ഇല്ലായിരുന്നത് കൊണ്ട് ഇതില്‍ വേഷമില്ല സൈനുദ്ദീനേ എന്ന് മറുപടി നൽകി. അഭിനയിക്കാൻ വേഷം ഇല്ലെങ്കില്‍ സാരമില്ലെന്ന ഭാവത്തോടെ ആ പകല്‍ മുഴുവന്‍ സൈനുദ്ദീന്‍ അദ്ദേഹത്തോടൊപ്പം നടന്നു. ഇടക്കിടെ പറയുന്ന നർമ്മങ്ങളിൽ സൈനുദ്ദീന്റെ മനസിലുള്ള വേദന മനസിലാക്കിയ അദ്ദേഹം ചോദിച്ചു ‘അഭിനയം നടക്കില്ല. പകരം നീ എന്റെ അസിസ്റ്റന്റാവുന്നോ..?’ ‘എനിക്കൊന്നും അറിയില്ല സാര്‍.’ എന്ന് നിഷ്‌കളങ്കമായി മറുപടി പറഞ്ഞു. അങ്ങനെ ആ സിനിമയുടെ അസിസ്റ്റന്റായി സൈനുദ്ദീൻ ജോലി ആരംഭിച്ചു.

ആദ്യ ദിവസം എങ്ങനെ അസിസ്റ്റന്റാവണം എന്നറിയാതെ സൈനുദ്ദീന്‍ സംവിധായകന് ചുറ്റും പരക്കം പാഞ്ഞു. രഘുനാഥ് പലേരി സൈനുദ്ദീന് ഒരു നോട്ടു പുസ്തകം കൊടുത്തു. ഒരു പേനയും. ഓരോ ഷോട്ടിലും ചുറ്റും എന്തു നടക്കുന്നുവെന്ന് എഴുതിയും വരച്ചും വെക്കാന്‍ പറഞ്ഞു. സൈനുദ്ദീൻ എന്തൊക്കെയോ എഴുതും വരക്കും. പിന്നെ നോട്ടു പുസ്തകം ചുരുട്ടിപ്പിടിച്ചങ്ങനെ സെറ്റില്‍ നടക്കും. ഷൂട്ടിങ്ങ് തീരും വരെ ആ നോട്ട് പുസ്തകം അദ്ദേഹംചുരുട്ടി പിടിച്ചിരുന്നു. നിറയെ എഴുതിയിരുന്നു.

കുറെക്കാലം സൈനുദീൻ എഴുതിയ നോട്ടു പുസ്തകം രഘുനാഥ് പലേരി എന്ന സംവിധായകന്റെ ശേഖരത്തില്‍ ഉണ്ടായിരുന്നു. ചില താളുകളില്‍ സൈനുദ്ദീൻ എഴുതിയത് വീട്ടിലേക്ക് വാങ്ങേണ്ട അത്യാവശ്യ സാധനങ്ങളായിരുന്നു…!

LEAVE A REPLY

Please enter your comment!
Please enter your name here